ഇബിസി ആനുകൂല്യ പരിധിയില്‍ മുന്നാക്കക്കാരായ മുസ്ലിം മതസ്ഥര്‍ ഉണ്ടെന്ന ആരോപണവുമായി ബി.ജെ.പി

പട്‌ന: ബിഹാറിലെ ജാതി സെന്‍സസില്‍ മറുതന്ത്രം മെനഞ്ഞ് ബി.ജെ.പി. ഇബിസി ആനുകൂല്യ പരിധിയില്‍ മുന്നാക്കക്കാരായ മുസ്ലിം മതസ്ഥര്‍ ഉണ്ടെന്ന് ബി.ജെ.പി. മുന്നാക്കക്കാരായ മുസ്ലിം മതസ്ഥരെ ഇ.ബി.സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് നിതിഷ് കുമാറും ലാലു പ്രസാദ് യാദവും ആണെന്ന് ബി.ജെ.പി ആരോപിച്ചു. യഥാര്‍ത്ഥ പിന്നാക്കാവസ്ഥ നേരിടുന്നവര്‍ക്ക് ഇ.ബി.സി സംവരണാനുകൂല്യം നഷ്ടമാക്കാന്‍ ഇത് കാരണമായെന്നും ബി.ജെ.പി ആരോപിച്ചു.

ബിഹാറില്‍ നടത്തിയ ജാതി സെന്‍സസിന്റെ ഫലം പുറത്തുവിട്ടതിനു പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. സെന്‍സസിലെ കണ്ടെത്തലുകള്‍ വിവരിക്കുകയും തുടര്‍നടപടികള്‍ വിശദീകരിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒന്‍പത് പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കു വിവരങ്ങള്‍ കൈമാറുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചിരുന്നു.

ജനസംഖ്യാനുപാതികമായി സംവരണം നടപ്പാക്കണമെന്ന ശക്തമായ ആവശ്യമാണ് ഉയരുന്നത്. എന്നാല്‍ അതേക്കുറിച്ച് ഇപ്പോള്‍ മറുപടി പറയാനാവില്ലെന്നും ഏറ്റവും കൂടുതല്‍ സഹായം ആവശ്യമായ വിഭാഗത്തെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണു മുന്‍ഗണനയെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. അതേസമയം, ബിഹാര്‍ സര്‍ക്കാരിന്റെ നടപടി ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിരുന്നു.

ബിഹാറിലെ ജനസംഖ്യയുടെ 36% അതിപിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ളവരാണെന്നാണു റിപ്പോര്‍ട്ടില്‍ പ്രധാന കണ്ടെത്തലായി പറയുന്നത്. 27.12% പിന്നാക്ക വിഭാഗത്തില്‍നിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തില്‍നിന്നുള്ളവരുമാണെന്നു സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ജാതി സെന്‍സസ് നടത്തുന്നതിന്റെ സാധുതയെക്കുറിച്ചുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Top