ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി എന്‍ഡിഎ ഘടകകക്ഷികള്‍ക്കുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. ജെഡിയുവിനു പിന്നാലെ എന്‍ഡിഎയുടെ മറ്റൊരു ഘടകക്ഷിയായ ശിരോമണി അകാലിദളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിയില്‍ ഒഴിവാക്കപ്പെട്ട മുസ്ലിംകളെയും പൗരത്വം നല്‍കുന്നവരില്‍ ഉള്‍പ്പെടുത്തണമെന്നാണു ശിരോമണി അകാലിദള്‍ പറഞ്ഞത്. പാക്കിസ്ഥാനിലെ അഹമ്മദിയ വിഭാഗം ഉള്‍പ്പെടെയുള്ള മുസ്ലിംകളെ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ മതത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്നവരാണെന്നും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ദേശീയ പൗരത്വ റജിസ്റ്ററെ കുറിച്ച് പരാമര്‍ശിക്കാന്‍ അദ്ദേഹം തയാറായില്ല. പട്യാലയില്‍ നടന്ന റാലി അഭിസംബോധന ചെയ്യവെയാണ് സുഖ്ബിറിന്റെ പ്രസ്താവന.
നേരത്തെ, ദേശീയ പൗരത്വ ഭേദഗതി നിയമം ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്നു ജെഡിയു ആവശ്യപ്പെട്ടിരുന്നു. എന്‍ആര്‍സി വേണ്ടെന്ന നിലപാട് യോഗത്തില്‍ അറിയിക്കുമെന്നും ജെഡിയു അറിയിച്ചു.
ജെഡിയുവിനു പിന്നാലെ ശിരോമണി അകാലിദളും രംഗത്തു വന്നതോടെ ഘടകകക്ഷികളെ കൂടെനിര്‍ത്താന്‍ നരേന്ദ്ര മോദിയും അമിത് ഷായും എന്ത് തന്ത്രം പ്രയോഗിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.