ബിജെപി മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്; കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണന്‍; പട്ടികയില്‍ കേരളമില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി. തമിഴ്‌നാട്ടിലെ ചില സുപ്രധാന മണ്ഡലങ്ങളിലേക്ക് ഈ ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മൂന്നാം പട്ടികയിലും കേരളത്തിലെ അവശേഷിച്ച മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകളില്ല. മൂന്നാം പട്ടിക കൂടി പുറത്തുവിട്ടതോടെ ആകെ 279 ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേരുവിവരങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയാകും കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കുക. കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും. നീലഗിരിയില്‍ നിന്ന് കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ജനവിധി തേടും. തമിളിസൈ സുന്ദരരാജനാണ് ചെന്നൈ സൗത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. ടി ആര്‍ പാരിവേന്ദറാണ് പേരാമ്പലൂരില്‍ നിന്ന് മത്സരിക്കുക.

രണ്ടാം ഘട്ടത്തിലും കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയുടെ പേരും ഉണ്ടായിരുന്നില്ല. കേരളത്തില്‍ നാല് സീറ്റുകളിലേക്കാണ് ബിജെപി ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ പ്രധാനമായും ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്‍പ്പെട്ടിരുന്നത്.

Top