ഗുവാഹത്തി:അയല്‍രാജ്യങ്ങളിലും ബിജെപിയെ വളര്‍ത്താന്‍ പദ്ധതിയുമായി പാര്‍ട്ടി. നേപ്പാളിലും ശ്രീലങ്കയിലും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ പദ്ധതിയെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ വ്യക്തമാക്കി.
2018ല്‍ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനിടെ അമിത് ഷായുമായി നടത്തിയ സംഭാഷണത്തിലെ സുപ്രാധാന വിവരങ്ങളാണ് ഇപ്പോള്‍ ബിപ്ലബ് ദേവ് കുമാര്‍ പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളു പിടിച്ചെടുക്കുകയാണ് ആദ്യ ഘട്ടം. തുടര്‍ന്ന് വിദേശത്തേക്കും പാര്‍ട്ടിയെ എത്തിക്കണമെന്നതാണ് ലക്ഷ്യം.
‘സംസ്ഥാന ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടിയുടെ നോര്‍ത്ത് ഈസ്റ്റ് സോണല്‍ സെക്രട്ടറി അജയ് ജാംവലിനൊപ്പം ഇരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ബിജെപി നിരവധി സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന് ജാംവല്‍ പറഞ്ഞു. അതിനു മറുപടിയായാണ് ഇനി ശ്രീലങ്കയും നേപ്പാളും ഉണ്ടെന്ന് അമിത് ഷാ വ്യക്തമാക്കിയത്. നമുക്ക് ആ രാജ്യങ്ങളിലേക്കും കൂടി പാര്‍ട്ടിയെ വളര്‍ത്തണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു’ ബിപ്ലബ് വ്യക്തമാക്കി.
കേരളത്തില്‍ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇടത് വലത് മുന്നണികള്‍ മാറിമാറി ഭരിക്കുന്ന അവസ്ഥയ്ക്ക് ഇത്തവണ മാറ്റം വരുമെന്നും ബിജെപി ഇത്തവണ വന്‍ വിജയം നേടുമെന്നും ബിപ്ലബ് കൂട്ടിച്ചേര്‍ത്തു.