മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളില്‍ മുന്നില്‍ ബി.ജെ.പിയും അനുബന്ധ ഗ്രൂപ്പുകളും; ഹിന്ദുത്വ വാച്ച്

ഡല്‍ഹി: മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളില്‍ ബി.ജെ.പിയും അനുബന്ധ ഗ്രൂപ്പുകളുമാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്. വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായുള്ള ‘ഹിന്ദുത്വ വാച്ച്’ ആണ് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2014ല്‍ മോദി അധികാരത്തിലെത്തിയ ശേഷം മുസ്ലിം വിരുദ്ധ പ്രസംഗങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയ വിദ്വേഷ പ്രസംഗങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പി ഗ്രൂപ്പുകളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പഠനത്തിനായെടുത്ത മുസ്ലിങ്ങള്‍ക്കെതിരായ 255 വിദ്വേഷ പ്രസംഗങ്ങളില്‍ 80 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് അരങ്ങേറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ വിദ്വേഷ പ്രസംഗങ്ങളുടെ ഡാറ്റ ശേഖരണം ഇന്ത്യയിലെ ക്രൈംബ്യൂറോ നിര്‍ത്തലാക്കിരുന്നു. ഇതിന് ശേഷം പുറത്തുവരുന്ന മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗം രേഖപ്പെടുത്തുന്ന ആദ്യ റിപ്പോര്‍ട്ടാണിത്. സമൂഹമാധ്യമങ്ങളിലൂടെയും മുഖ്യധാര മാധ്യമങ്ങളിലൂടെയും പുറത്തുവന്ന വിദ്വേഷപ്രസംഗങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷമാണ് ഹിന്ദുത്വ വാച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

15 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്വേഷ പ്രസംഗങ്ങള്‍ വിലയിരുത്തിയ ശേഷം ഹിന്ദുത്വ വാച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ മുന്നോട്ട് വെക്കുന്നു. വിദ്വേഷ പ്രസംഗങ്ങളില്‍ 64% സംഭവങ്ങളില്‍ അടങ്ങിയിരിക്കുന്നത് മുസ്ലിങ്ങള്‍ക്കെതിരെയുള്ള ‘ഗൂഢാലോചന സിദ്ധാന്തങ്ങളാണ്. ഹിന്ദു സ്ത്രീകളെ വിവാഹത്തിലൂടെ മുസ്ലിങ്ങള്‍ മതം മാറ്റുന്നു എന്ന ആരോപണമടക്കം ഇതിലുള്‍പ്പെടും. 33% സംഭവങ്ങള്‍ മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ്. 11% സംഭവങ്ങളിലുള്ളത് മുസ്ലിങ്ങള്‍ക്കെതിരെയുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ്.

എന്നാല്‍ ബി.ജെ.പി നേതാവായ അഭയ് വെര്‍മ ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തി. റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ബി.ജെ.പി രാജ്യത്തെയും ജനങ്ങളെയും മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന പാര്‍ട്ടിയല്ലെന്നും വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Top