ന്യൂഡല്‍ഹി: ദളിത് വിരുദ്ധരായി സിപിഎമ്മിനെ ചിത്രീകരിച്ച് ദേശീയ തലത്തില്‍ പ്രചാരണം നടത്തുന്ന ബിജെപിക്കും കോണ്‍ഗ്രസിനും അപ്രതീക്ഷിത തിരിച്ചടി.
മഹാരാഷ്ട്രയിലെ പാര്‍ട്ടി എംഎല്‍എ യാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയതെങ്കില്‍ സമുന്നതനായ ദേശീയ നേതാവാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്.
ദളിതുകളെ പന്നികളോട് ഉപമിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ രവീന്ദ്ര ചവാന്റെ നടപടി വന്‍വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുത്ത ചടങ്ങില്‍ പ്രസംഗിക്കവെ ഡോംബിവലി എം.എല്‍.എ രവീന്ദ്ര ചവാനാണ് ദളിതുകളെ പന്നികളോട് ഉപമിച്ചത്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ ഓടയില്‍നിന്ന് പന്നിയെ എടുത്ത് വൃത്തിയാക്കിയപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഓടയില്‍ കുടുങ്ങിയ പന്നികളെപ്പോലെയുള്ള ദളിതുകളെയും കര്‍ഷകരെയും രക്ഷിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് പ്രസംഗിക്കുകയായിരുന്നു.
എം.എല്‍.എ നിരുപാധികം മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ആര്‍.പി.ഐ.എ അടക്കമുള്ള ദളിത് സംഘടനകള്‍ രംഗത്തുവന്നു. ബി.ജെ.പിയുടെ ഘടകകക്ഷിയാണ് ആര്‍.പി.ഐ.എ.
ദളിത് പ്രവര്‍ത്തകനെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്ന വിവാദത്തില്‍ കുടുങ്ങിയ കോണ്‍ഗ്രസ് നേതാവ് ഡല്‍ഹി പി.സി.സി അധ്യക്ഷന്‍ കൂടിയായ അജയ് മാക്കനാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധരംപാല്‍ നട്കത് ആണ് മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ നേതാവിനെതിരെ പരാതി നല്‍കിയത്.
പാര്‍ട്ടി ആസ്ഥാനത്ത് ഉപാധ്യക്ഷന്‍ രാഹൂല്‍ ഗാന്ധിയുടെ ജന്മദിനാഘോഷത്തിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. കഴിഞ്ഞ ഡിസംബറില്‍ മകന്‍ മരിച്ചപ്പോള്‍ അജയ് മാക്കന്‍ സ്ഥലത്ത് എത്താതിരുതില്‍ നിരാശയുണ്ടെന്ന് രാഹൂല്‍ ഗാന്ധിയോട് ധരംപാല്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം ധരംപാലിന്റെ വീട്ടില്‍ പോകണമെന്ന് രാഹൂല്‍, മാക്കന് നിര്‍ദ്ദേശം നല്‍കി. ഇതില്‍ കോപാകുലനായ മാക്കന്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി.
കേരളത്തില്‍ കണ്ണൂരില്‍ ദളിത് യുവതികള്‍ ജയിലിലടയ്ക്കപ്പെട്ടതും ഇതിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റത്തിന് എംഎല്‍എ അടക്കമുള്ള സിപിഎം യുവനേതാക്കള്‍ പ്രതിയാക്കപ്പെട്ടതുമെല്ലാം ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്ന ബിജെപിയേയും കോണ്‍ഗ്രസിനേയും വീണുകിട്ടിയ ‘ പുതിയ ആയുധങ്ങള്‍’ ഉപയോഗിച്ച് തിരിച്ചടിക്കുകയാണ് സിപിഎം.
കണ്ണൂര്‍ വിവാദം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിപിഎമ്മിന്റെ വാദം. ഓഫീസില്‍ കയറി അതിക്രമം കാണിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടി മാത്രമാണ് പൊലീസ് സ്വീകരിച്ചതെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കം അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടത് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നതിന്റെ ഉദാഹരണമാണെന്നുമാണ് സിപിഎം ചൂണ്ടിക്കാണിക്കുന്നത്.
ജാമ്യക്കാരില്ലാതെ വന്നാല്‍ കസ്റ്റഡിയിലുള്ളതാരായാലും അവരെ ജയിലിലേക്ക് അയക്കുക എന്നത് നിയമപരമായ നടപടിക്രമം മാത്രമാണെന്നും ഒന്നുമറിയാത്ത കുഞ്ഞിനെക്കൂടി ജയിലിലേക്ക് കൊണ്ടുപോയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആക്ഷേപം. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് അധിക്ഷേപമായി കാണേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി നേതൃത്വം.