ജമ്മു കശ്മീരില്‍ ബി.ജെ.പി- പി.ഡി.പി സഖ്യം തകര്‍ന്നു

bjp-pdp

ജമ്മു കശ്മീര്‍ : ജമ്മു കശ്മീരില്‍ ബി.ജെ.പി- പി.ഡി.പി സഖ്യം വേര്‍പിരിഞ്ഞു. പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ബി.ജെ.പി അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി സ്ഥാനം മെഹബൂബ മുഫ്തി രാജിവെച്ചു. ബിജെപി മന്ത്രിമാരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി.

കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും കൂടിയെന്നും, മൂന്ന് വര്‍ഷമായുള്ള ബന്ധം ഇനി തുടരാന്‍ കഴിയാത്ത സാഹചര്യമാണെന്നും ബിജെപി നേതാവ് രാംമാധവ് പറഞ്ഞു.

2014 ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് സഖ്യം രൂപീകരിച്ചത്. 89 അംഗ നിയമസഭയില്‍ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. മറ്റുള്ളവര്‍ 36 ആണ്. ഇതോടെ കശ്മീരില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യത ഉയര്‍ന്നിരിക്കുകയാണ്‌.

mehbooba

ജമ്മു കശ്മീരില്‍നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിനുശേഷമാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അന്തിമ തീരുമാനം എടുത്തത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍ എംഎല്‍എമാരുടെ യോഗം നടന്നത്.

റമദാനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ വെടിനിർത്തൽ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പിഡിപി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, കശ്മീർ വിഷയം പരിഹരിക്കപ്പെടണമെങ്കിൽ കേന്ദ്രം വിഘടനവാദികളുമായി സംസാരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചിരുന്നതും. ഇതും ഇരു പാർട്ടികൾക്കിടയിലെ വിടവ് വർധിപ്പിച്ചു.

Top