തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെയും ബിജെപിയുടെയും ഏക ‘വിജയ’ പ്രതീക്ഷ സിപിഎം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്‍!
ജനുവരി പകുതിയോടെ കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന സിപിഎമ്മിന്റെ കേരള യാത്രയ്ക്ക് പിബി അംഗം പിണറായി വിജയന്‍ നേതൃത്വം നല്‍കുമെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമാണ് യുഡിഎഫിന്റെയും ബിജെപിയുടെയും സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സിക്കാന്‍ പ്രായപരിധി ഇല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി നിലപാട് വ്യക്തമാക്കുകയും പാര്‍ട്ടിയും ജനങ്ങളും തീരുമാനിക്കട്ടെയെന്ന് വി.എസ് പ്രതികരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, അപ്രതീക്ഷിതമായി വന്ന ജാഥാ ക്യാപ്റ്റന്റെ നിര്‍ണ്ണയം സിപിഎമ്മിന് അകത്ത് ഉരുള്‍പൊട്ടലിന് ഇടയാക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് – ബിജെപി കേന്ദ്രങ്ങള്‍.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് നടന്ന രണ്ട് കേരള യാത്രകളും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പിണറായി നയിച്ചതില്‍ അസ്വാഭാവികത ഇല്ലെങ്കിലും ഇപ്പോള്‍ പിണറായി നയിക്കുന്നത് മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച വലിയ അഭ്യൂഹങ്ങള്‍ക്കാണ് ഇട നല്‍കിയിരിക്കുന്നത്.
വി.എസ് വീണ്ടും മത്സിക്കാനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍ വിരളമാണെന്നും ഇത് പ്രചരണത്തില്‍ ഗുണം ചെയ്യുമെന്നുമുള്ള കണക്കുകൂട്ടലിലാണ് യുഡിഎഫ് – ബിജെപി കേന്ദ്രങ്ങള്‍.
ഇടത് വോട്ടുകളില്‍ ബിജെപി വിള്ളലുണ്ടാക്കിയാലും അതിനിടയിലൂടെ ജയിച്ച് കയറാമെന്ന ആത്മവിശ്വാസം ഇപ്പോള്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ മുഖത്തും പ്രകടമാണ്.
പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ വി.എം സുധീരനെ പ്രതിരോധിക്കാന്‍ രംഗത്തിറക്കണമെന്ന വികാരമാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കിടയിലുള്ളത്. ഘടക കക്ഷികളിലും ഈ നിലപാട് ശക്തമാണ്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ ഇടതുമുന്നണിക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് വിലയിരുത്തിയാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.
ബിജെപിയാകട്ടെ ഏറ്റവും കൂടുതല്‍ തങ്ങളെ ആക്രമിക്കുന്ന വി.എസിന്റെ ‘കുന്തമുന’ പിണറായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാല്‍ പാര്‍ട്ടിക്കു നേരെ തിരിയുമെന്ന പ്രതീക്ഷയിലാണ്.
വി.എസിനോട് അനുഭാവമുള്ള ഒരു വലിയ വിഭാഗത്തിന്റെ വോട്ട് സിപിഎമ്മിന് നഷ്ടപ്പെടാന്‍ പിണറായിയുടെ സ്ഥാനാര്‍ഥിത്വം വഴി സാധിക്കുമെന്നും, ഇതില്‍ നല്ലൊരു പങ്ക് എസ്എന്‍ഡിപി യോഗത്തിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായുണ്ടാക്കുന്ന കൂട്ടുകെട്ട് വഴി നേടിയെടുക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസവും അവര്‍ക്കിടയില്‍ പ്രകടമാണ്.
വി.എസിനെ മുന്‍ നിര്‍ത്താതെ സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് ആത്മഹത്യാപരമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പു നല്‍കുന്നുണ്ട്.
അതേസമയം കേരള യാത്രയുടെ നായകനും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഒരാള്‍ തന്നെയാകണമെന്നില്ലെന്നും ഉചിതമായ സമയത്ത് പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നുമാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.
വി.എസും പിണറായിയും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുക്കുകയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നത്.
പിണറായി നയിക്കുന്ന കേരള യാത്രയുടെ ഉദ്ഘാടനം കാസര്‍ഗോഡ് വി.എസിനെക്കൊണ്ട് നിര്‍വ്വഹിപ്പിക്കാനും സമാപന സമ്മേളനമുള്‍പ്പെടെ ജില്ലകളില്‍ നടക്കുന്ന പ്രധാന സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിപ്പിക്കാനും നേതൃതലത്തില്‍ ആലോചനയുണ്ട്. അടുത്ത പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.