ന്യൂഡല്‍ഹി: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. നേരത്തേ തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് പ്രഖ്യാപനമുണ്ടായത്.
ബി.ജെ.പി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു. അതേസമയം, തൃശൂരില്‍ സുരേഷ് ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമാകും നടക്കുക. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപനും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസുമാണ്.
തൃശ്ശൂരിന് പുറമേ ഗുജറാത്തിലെ സൂറത്തിലെയും മഹേസനയിലെയും സ്ഥാനാര്‍ഥികളെയും ബി.ജെ.പി. ചൊവ്വാഴ്ച രാത്രിയോടെ പ്രഖ്യാപിച്ചു.