ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും യുപി മുഖ്യമന്ത്രി യോഗിയ്ക്കും മാത്രമേ അഴിമതി നടത്താതിരിക്കാന്‍ കഴിയൂയെന്ന് ബിജെപിയുടെ പാര്‍ലമെന്റ് അംഗം ബ്രിജ് ഭൂഷണ്‍ ശരണ്‍. അഴിമതിക്കാരല്ലാതിരിക്കുന്നത് മോദിയും യോഗിയും മാത്രമാണെന്നും എന്നാല്‍ ബിജെപിയിലെ മറ്റു നേതാക്കളെക്കുറിച്ച് ഇങ്ങനെ ഞാന്‍ പറയില്ലെന്നും ഒരു പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല ബ്രിജ്ഭൂഷണ്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്നത്. നേരത്തേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുരയ്ക്കുന്ന നായയുമായി അദ്ദേഹം താരതമ്യം ചെയ്തിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ബ്രിജ് ഭൂഷണ്‍. ബിജെപി നേതാവ് സുരേന്ദ്ര സിങ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വേശ്യകളുമായി കഴിഞ്ഞ ദിവസം ഉപമിച്ചിരുന്നു. ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തരുതെന്നു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാര്‍ട്ടി നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ദേബിന്റെ പരാമര്‍ശങ്ങള്‍ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയതിനെ തുടര്‍ന്നായിരുന്നു ഇത്. മാധ്യമങ്ങള്‍ക്കു ബോധപൂര്‍വം മസാല നല്‍കരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം.