തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ വീണ്ടും പ്രതികരിച്ച് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള.
ഇന്നത്തെ കേരളത്തിന്റെ അവസ്ഥ വളരെ ദയനീയമാണെന്നും ആര്‍ക്കും ഗുണകരമല്ലെന്നും ശ്രീധരന്‍ പിള്ള വിമര്‍ശിച്ചു. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട് കുറ്റകരമായ മൗനവും വയലന്‍സും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എന്‍ആര്‍സി കേരളത്തില്‍ ആരെയും ദോഷകരമായി ബാധിക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
അതേസമയം സിഎഎക്കെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയതും, ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചതും തെറ്റായ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നും ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുന്നു എന്ന മട്ടില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.
എന്തും ഏതും വിവാദമാക്കുന്നത് മലയാളികള്‍ ഒരു ശീലമാക്കിയിരിക്കുകയാണ് അത് ഗുണം ചെയ്യില്ല. സംസ്ഥാന സര്‍ക്കാറും യുഡിഎഫും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഗവര്‍ണര്‍ വേണ്ടെന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണ്. കാലങ്ങള്‍ക്കു മുന്‍പേ തന്നെ ഈ ആവശ്യം രാജ്യം തള്ളിയതാണെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.