ബംഗാളിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജ്യസഭാംഗത്വം രാജിവെച്ചു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന്‍ ദാസ് ഗുപ്ത രാജ്യസഭാംഗത്വം രാജി വെച്ചു. പശ്ചിമ ബംഗാളിലെ താരകേശ്വര്‍ നിയസഭ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കൂടിയായ സ്വപന്‍ ദാസ് ഗുപ്ത രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനാണ് രാജിക്കത്ത് കൈമാറിയത്.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത അംഗമായ സ്വപന്‍ ദാസ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാനൊരുങ്ങിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അദ്ദേഹത്തിനെ അയോഗ്യനാക്കാനുള്ള നീക്കങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതിനിടെയാണ് രാജി.

ഭരണഘടനയുടെ 10-ാം ഷെഡ്യൂള്‍ അനുസരിച്ച് സ്വപന്‍ ദാസ്ഗുപ്ത അയോഗ്യനാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

സത്യപ്രതിജ്ഞ ചെയ്ത് 6 മാസം കഴിയുമ്പോള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട രാജ്യസഭ അംഗത്തെ അയോഗ്യനാക്കണമെന്ന് ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പറയുന്നു. 2016 ഏപ്രിലില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയില്‍ ചേര്‍ന്നതിന് ഇപ്പോള്‍ അദ്ദേഹത്തെ അയോഗ്യനാക്കണം’ -മഹുവ ട്വിറ്റ് ചെയ്തു.

 

 

Top