തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കും : കേന്ദ്രമന്ത്രി വി മുരളീധരൻ

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി ഉടനെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചു. നാളെ കോഴിക്കോട് ചേരുന്ന കോർ കമ്മിറ്റി തീരുമാനമെടുക്കും. പി സി ജോർജ് തൃക്കാക്കരയിൽ പ്രചാരണത്തിന് ഇറങ്ങുമോ എന്നത് നാളെ അറിയാമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.

തൃക്കാക്കരയിൽ സിൽവർ ലൈൻ ചർച്ചയാകും. സിപിഐഎമ്മിന് തൃക്കാക്കരയിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് വി മുരളീധരൻ വിമർശിച്ചു. നാളെ കോഴിക്കോട് നടക്കുന്ന ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും. തൊട്ടുപിന്നാലെ പാർലമെൻററി ബോർഡ് പ്രഖ്യാപനം നടത്തും.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കെ വി തോമസ് എൽഡിഎഫിനു വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണുള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക്, നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാ​ഗതമെന്നും പി സി ചാക്കോ ഫേസ്ബുക്കിൽ കുറിച്ചു.

Top