പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയം തിരുവനന്തപുരത്തെ മാറ്റിമറിക്കും: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: പ്രവര്‍ത്തന മികവിന്റെ രാഷ്ട്രീയം തിരുവനന്തപുരത്തെ മാറ്റിമറിക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. 2014-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച അമ്പേ തകര്‍ന്ന സമ്പദ്വ്യവസ്ഥയെ സുസ്ഥിരവും കരുത്തുറ്റതുമായ സമ്പദ് വ്യവസ്ഥയായി മാറ്റി. പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തിനു കീഴില്‍ ഉണ്ടായ പുരോഗതി അനുഭവിക്കാന്‍ സിപിഐഎമ്മിന്റെ സാന്നിദ്ധ്യം മൂലം കേരളത്തിന് കഴിഞ്ഞിട്ടില്ല.

കേരളം പിന്നാക്കം പോകാതിരിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.സംസ്ഥാനത്തിന്റെ വികസനം ത്വരിതപ്പെടുത്താനും തിരുവനന്തപുരത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്‌നോളജി, ടൂറിസം, ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനും നമുക്ക് കഠിനമായി പരിശ്രമിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്

നൈപുണ്യവികസന-സംരംഭക മന്ത്രാലയത്തില്‍ പരിശീലനം നേടി എന്‍എസ്ഡിസി ഇന്റര്‍നാഷണല്‍ വഴി ജര്‍മ്മനിയില്‍ നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിച്ച തൊഴില്‍ വാഗ്ദാനങ്ങള്‍ ഇന്ന് കൈമാറുകയുണ്ടായി.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 6.3 കോടി ജനങ്ങള്‍ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കു കീഴില്‍ തൊഴില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ സുപ്രധാനവും നിര്‍ണായകവുമായ ഒരു മാറ്റമാണ്.

ഇന്നത്തെ മത്സരാധിഷ്ഠിത തൊഴില്‍ രംഗത്ത് പ്രതിഭയുള്ള നാടുകളിലേക്കാണ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നത്. നൈപുണ്യമെന്നത് അഭിവൃദ്ധിയിലേക്കുള്ള പാസ്പോര്‍ട്ടായും മാറിയിരിക്കുന്നു.

വരും വര്‍ഷങ്ങളില്‍, കേരളത്തിലെ 4 ലക്ഷത്തോളം യുവജനങ്ങള്‍ പിഎംകെവിവൈ 4.0 പദ്ധതിക്ക് കീഴില്‍ വിവിധ തൊഴിലുകളില്‍ പരിശീലനം നേടും. ഭാവിയിലെ വ്യവസായങ്ങള്‍ക്ക് വേണ്ട വൈദഗ്ദ്ധ്യം നേടിയവരുടെ അവസരങ്ങള്‍ കൂടുതല്‍ വിപുലവുമാകും.

സൈബര്‍ സെക്യൂരിറ്റി, നിര്‍മ്മിത ബുദ്ധി, സെമികണ്ടക്ടര്‍ , ഇലക്ട്രോണിക്‌സ് ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ യുവാക്കളായ മലയാളികള്‍ ഏറെ കഴിവാണ് പ്രകടിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ ഈ രംഗത്തെ പ്രമുഖ കമ്പനികള്‍ തിരുവനന്തപുരത്ത് എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

Top