ന്യൂഡല്‍ഹി: മുന്നണി വിടാനുള്ള ടിഡിപിയുടെ തീരുമാനം ഏകപക്ഷീയവും നിര്‍ഭാഗ്യകരവുമാണെന്ന് കാണിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കത്തെഴുതി. നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് അമിത്ഷായുടെ കത്ത്.
വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് സഖ്യത്തിലെ പ്രധാന കണ്ണിയായിരുന്ന ടിഡിപി ആന്ധ്രാപ്രദേശിന് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിക്കുന്നില്ല എന്നാരോപിച്ചാണ് പുറത്തു പോയത്. ഈ തീരുമാനം സംസ്ഥാനത്തിന്റെ വികസനത്തേക്കാളുപരി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയാണെന്ന് അമിത് ഷാ കത്തില്‍ വ്യക്തമാക്കുന്നു. ടിഡിപി എന്‍ഡിഎ വിടുന്നതിന് തൊട്ടു മുന്‍പ് അവരുടെ മന്ത്രിമാര്‍ രാജിവെച്ചിരുന്നു. അതിന് മുമ്പ് ആന്ധ്ര മന്ത്രിസഭയിലെ ബിജെപി അംഗങ്ങളും രാജിനല്‍കിയിരുന്നു.