കോണ്‍ഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന 90 ലക്ഷം സംഭാവന നല്‍കിയെന്ന് ബിജെപി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന 90 ലക്ഷം രൂപ സംഭാവന നല്‍കിയെന്നാരോപിച്ച് ബിജെപി രംഗത്ത്. സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് 2007ല്‍ ഇന്ത്യയിലെ ചൈനീസ് എംബസി 90 ലക്ഷം രൂപ സംഭാവന നല്‍കിയെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.

ഫൗണ്ടേഷന്റെ 2007 ലെ വിദേശ സംഭാവന രേഖകളാണ് ബിജെപി പുറത്ത് വിട്ടിരിക്കുന്നത്. രേഖയില്‍ നാലാമതായാണ് എംബസിയുടെ പേരുള്ളത്. എന്ത് അടിസ്ഥാനത്തിലാണ് സംഭാവന സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. 2006 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ സംഭാവന നല്‍കിയവരുടെ പട്ടികയില്‍ ചൈനീസ് സര്‍ക്കാരിന്റെ പേരുണ്ടെന്നും ബിജെപി ആരോപിക്കുന്നു.

ഗാന്ധി കുടുംബത്തിന് 2008 ലെ ബീജിംഗ് ഒളിംപിക്‌സ് കാണാന്‍ ചൈന സൗജന്യയാത്ര ഒരുക്കിയെന്നാണ് ബിജെപിയുടെ മറ്റൊരു ആരോപണം. ചൈനയുമായുള്ള ബന്ധം എന്തെന്ന് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ രാഹുല്‍ഗാന്ധിയുടെ വിശ്വസ്തര്‍ക്കും പ്രമുഖ നേതാക്കള്‍ക്കും ഇടയിലെ തര്‍ക്കവും ബിജെപി ആയുധമാക്കുകയാണ്.

Top