കോവിഡ് നേരിടുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയം: കേരളസര്‍ക്കാരിനെ പുകഴ്ത്തി മഹാരാഷ്ട്ര ബിജെപി

മുംബൈ: കോവിഡ് നേരിടുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയമാണെന്നു സ്ഥാപിക്കാന്‍ കേരളസര്‍ക്കാരിനെ പുകഴ്ത്തി മഹാരാഷ്ട്ര ബിജെപി ഘടകം. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഭരണപരാജയം ആരോപിച്ച് നാളെ രാവിലെ 11ന് കറുത്ത റിബണുകളും മാസ്‌കുകളും ധരിച്ച് പ്ലക്കാര്‍ഡുകളുമായി സമരം നടത്താന്‍ ബിജെപി പ്രഖ്യാപിച്ചിരുന്നു.

അതിനു മുന്നോടിയായാണ്, മഹാരാഷ്ട്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ചു വിവരിക്കാന്‍ കേരള സര്‍ക്കാരിനെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പുകഴ്ത്തിയിരിക്കുന്നത്.

മുംബൈയിലെ ആരോഗ്യമേഖല പൂര്‍ണമായും തകര്‍ന്നെന്ന് ആരോപിച്ച ചന്ദ്രകാന്ത് പാട്ടീല്‍ പാവപ്പെട്ടവര്‍ക്ക് പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞു. തഹസില്‍ദാറുമാരെയും ജില്ലാ കലക്ടര്‍മാരെയും കണ്ട് സംസ്ഥാനത്തെ രക്ഷിക്കൂ എന്നാവശ്യപ്പെടുന്ന നിവേദനം നല്‍കിയ ബിജെപി നേതാക്കള്‍ നാളത്തെ സമരത്തില്‍ സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Top