സാമുദായിക സംഘടനകളുടെ സമീപനം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

തിരുവനന്തപുരം : സാമുദായിക സംഘടനകളുടെ സമീപനം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. ഇവരുടെ നിലപാടുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും നേട്ടമായെന്നും പാര്‍ട്ടി വിലയിരുത്തി. ഉപതിരഞ്ഞെടുപ്പില്‍ സമവാക്യങ്ങള്‍ മാറിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

മതേതരത്വത്തിന്റെ അപ്പോസ്തലന്മാരാണ് എല്‍ഡിഎഫും യുഡിഎഫും. എസ്ഡിപിഐ എല്‍ഡിഎഫിനേയും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനേയും സഹായിച്ചുവെന്ന് അവരാണ് ഇന്ന് പറഞ്ഞിട്ടുള്ളത്. ഈ പ്രസ്ഥാനങ്ങളുടെ പിന്തുണ ഈ രണ്ട് മുന്നണികളും സ്വീകരിച്ചുവെന്ന് പറഞ്ഞതിലൂടെ സമവാക്യങ്ങള്‍ മാറി മറിഞ്ഞു എന്നുവേണം മനസിലാക്കാന്‍. അതിനാല്‍ തന്നെ സാമുദായിക സമവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പിനെ വിലയിരുത്താനാവില്ല. തത്വാധിഷ്ടിതമായ നിലപാടില്‍ ഉറച്ചുനിന്ന് ബിജെപി മുന്നോട്ടു പോവും. ഇക്കുറി ബിജെപിക്ക് നിയമസഭയില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

ജാതിമത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന സംസ്ഥാനം കേരളമാണ്. ജാതിപ്രസ്ഥാനങ്ങളെ കൂട്ടുപിടിച്ച് വളര്‍ന്നുവന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസുമെന്നും അദ്ദേഹം വിശദീകരിച്ചു.

Top