ബെംഗളൂരു: തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ തങ്ങളുടെ എം.എൽ.എമാരെ പണം നൽകി വശത്താക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് കോൺഗ്രസ് പുറത്തുവിട്ട ശബ്ദരേഖ.
ബിജെപി നേതാവ് ജനാർദൻ റെഡ്ഡി തങ്ങളുടെ എംഎൽഎമാരെ പണം നൽകി വശത്താക്കാൻ ശ്രമിച്ചെന്ന ആരോപണവുമായാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. റായ്ചൂർ റൂറലിൽ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടു.
ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാൻ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നൽകിയതായും കോൺഗ്രസ് ആരോപിക്കുന്നു. അതേസമയം സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. നാളെ നാലുമണിക്കു മുൻപുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിർദേശം. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.