ന്യൂഡല്‍ഹി: പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി മുഹമ്മദ് വോട്ടര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിപി മുഹമ്മദിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പരാതി നല്‍കിയത്.
വോട്ടര്‍ക്ക് പണം നല്‍കുന്ന വീഡിയോ പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിയതായി കേന്ദ്ര മന്ത്രി രാജീപ് പ്രതാപ് റൂഡി പറഞ്ഞു.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിപി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പണം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പ്രചാരണത്തിനിടെ വോട്ട് അഭ്യര്‍ത്ഥിച്ച് നടത്തിയ ഭവന സന്ദര്‍ശനത്തിനിടയിലാണ് സ്ഥാനാര്‍ത്ഥി കാമറയില്‍ കുടുങ്ങിയത്.
പട്ടാമ്പി വിളയൂരിലെ ഒരു വീട്ടില്‍ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സിപി മുഹമ്മദ് തുറന്ന വാതിലിനടുത്ത് നിന്ന സ്ത്രീക്ക് ഇടതുകൈ കൊണ്ട് മടിയില്‍ നിന്ന് പണമെടുത്ത് വലതുകൈയിലാക്കി നല്‍കുന്നതായി വീഡിയോയിലുള്ളത്.
വോട്ടര്‍ക്ക് പണം കൊടുത്ത് സ്വാധീനിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. സ്ഥാനാര്‍ത്ഥി തന്നെ വോട്ടര്‍ക്ക് ഭവനസന്ദര്‍ശനത്തിനിടെ പണം നല്‍കിയെന്നാണ് വീഡിയോ തെളിയിക്കുന്നത്.
ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലുടെ പ്രചരിച്ചു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് സിപി മുഹമ്മദ് രംഗത്തു വന്നിരുന്നു. താന്‍ പണം നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പട്ടാമ്പിയില്‍ മൂന്നാം തവണയാണ് സിപി മുഹമ്മദ് മത്സരരംഗത്ത് ഇറങ്ങുന്നത്. 2006, 2011 തെരഞ്ഞെടുപ്പുകളില്‍ വിജയം സി പി മുഹമ്മദിനായിരുന്നു.