സെക്യുലർ പാർട്ടി ഇനി വർഗ്ഗീയപാർട്ടി ? രാഹുൽ ഉയർത്തുന്നത് അപകട സിഗ്നൽ

രു സെക്യുലര്‍ പാര്‍ട്ടിയായാണ് കോണ്‍ഗ്രസ്സ് പൊതുവെ അറിയപ്പെടുന്നത്. പകല്‍ കോണ്‍ഗ്രസ്സും രാത്രി ആയാല്‍ ആര്‍.എസ്.എസുമാണ് കോണ്‍ഗ്രസ്സിലെ പല നേതാക്കളുമെന്ന വിമര്‍ശനവും പൊതു സമൂഹത്തില്‍ സജീവമാണ്.

ബി.ജെ.പിയെക്കാള്‍ ഹിന്ദു വോട്ട് തട്ടിയെടുക്കാന്‍ കടുത്ത ഹൈന്ദവ പ്രീണനം നടത്തിയ ചരിത്രവും കോണ്‍ഗ്രസ്സിനുണ്ട്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് മത ന്യൂനപക്ഷങ്ങള്‍ കൈവിട്ടതോടെ പിന്നീട് ചില തെറ്റുതിരുത്തല്‍ നടപടികള്‍ കോണ്‍ഗ്രസ്സ് സ്വീകരിച്ചെങ്കിലും ഇപ്പോള്‍ വീണ്ടും ശക്തമായി ഹിന്ദുത്വ മുഖം സ്വീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഹൈന്ദവ വോട്ട് ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി നടത്തിയ ക്ഷേത്ര ദര്‍ശനങ്ങള്‍ ഇതില്‍ എടുത്ത് പറയേണ്ട കാര്യമാണ്. തന്റെ ക്ഷേത്ര ദര്‍ശനം കൊണ്ടല്ല മറിച്ച് കര്‍ഷകരുടെ എരിയുന്ന വയറിന്റെ വേദന വോട്ടായതാണ് കാവിപ്പട രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കടപുഴകിയത് എന്നത് മറന്നാണ് രാഹുല്‍ ഇപ്പോള്‍ ഹിന്ദു രാഷ്ട്രീയം വീണ്ടും കടുപ്പിക്കുന്നത്.

സ്വന്തം ലോക് സഭാ മണ്ഡലമായ അമേഠിയില്‍ ക്ഷേത്രങ്ങള്‍ നവീകരിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ എം.പി ഫണ്ട് ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് തിരക്കിട്ട നീക്കം.

ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി അമേഠിയിലെ കാളികന്‍ ദേവീ ക്ഷേത്രം, ഗൗരി ഗഞ്ച് ദുര്‍ഗാക്ഷേത്രം, ഷാഗര്‍ ഭവാനി ക്ഷേത്രം എന്നിവ ഉള്‍പ്പെടെ 13 ക്ഷേത്രങ്ങളില്‍ രാഹുല്‍ ഹൈമാസ്റ്റ് സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഹാര്‍മോണിയം, ഡോലക്, മഞ്ജീര തുടങ്ങിയ സംഗീത ഉപകരണങ്ങളും ക്ഷേത്രങ്ങളില്‍ വിതരണം ചെയ്യും. എം.പി ഫണ്ടിന് പുറത്ത് എത്ര പണം വേണമെങ്കിലും ചിലവാക്കാമെന്ന ഉറപ്പ് ലഭിച്ചതിനാല്‍ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കള്‍ ക്ഷേത്ര നവീകരണ പ്രവര്‍ത്തനത്തിനായി ഇപ്പോള്‍ ഓടി നടക്കുകയാണ്.

പട്ടിണി പാവങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്വന്തം മണ്ഡലത്തില്‍ രാഹുല്‍ അവരുടെ വയറിന്റെ വിശപ്പ് അകറ്റാന്‍ വല്ലതും ചെയ്തിട്ടു വേണമായിരുന്നു ക്ഷേത്ര നവീകരണത്തിന് ഇറങ്ങാനെന്നാണ് ജനങ്ങള്‍ക്കിടയില്‍ സംസാരം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി സംഘ പരിവാര്‍ സംഘടനകള്‍ രാജ്യമാകെ രൂപീകരിച്ച ധരം സഭകള്‍ അസ്വസ്ഥനായാണ് രാഹുല്‍ പ്രീണനവുമായി രംഗത്തിറങ്ങിയതെന്ന് ആരോപിച്ച് ബി.ജെ.പിയും ഇവിടെ പ്രതിരോധവുമായി രംഗത്ത് വന്നു കഴിഞ്ഞു.

ആരാണ് ഏറ്റവും വലിയ ഹൈന്ദവ വാദി ഏതാണ് ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടി എന്ന രൂപത്തിലേക്ക് ഇവര്‍ തമ്മിലുള്ള തര്‍ക്കം മാറിയാലും ഇനി അത്ഭുതപ്പെടേണ്ടതില്ല.

കൈലാസ് മാനസരോവര്‍ യാത്രയ്ക്കു ശേഷം സെപ്റ്റംബറില്‍ രാഹുല്‍ അമേഠി സന്ദര്‍ശിച്ചപ്പോള്‍ ഹര ഹര മഹാദേവ് വിളികളോടെയാണ് ശിവഭക്തര്‍ രാഹുലിനെ സ്വീകരിച്ചിരുന്നത്. പ്രാദേശിക കോണ്‍ഗ്രസ്സ് നേതൃത്വം ഇടപെട്ടാണ് ഇങ്ങനെ തന്നെ ഒരു സ്വീകരണം ഏര്‍പ്പാടാക്കിയത്.

കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും ഹൈന്ദവ കാര്‍ഡ് പുറത്തെടുത്ത് ക്ഷേത്ര ദര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി വളര സജീവമായിരുന്നു.

2019 -ല്‍ ഏത് വിധേയനേയും കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധി പൊള്ളുന്ന രാഷ്ട്രീയത്തിലാണ് ഇപ്പോള്‍ കൈവച്ചിരിക്കുന്നത്. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണത്. വോട്ട് കിട്ടാന്‍ ഹിന്ദു കാര്‍ഡ് ഉപയോഗിക്കുന്ന രാഹുല്‍ ഗാന്ധി ഇനി അധികാരത്തില്‍ വന്നാലും ഇതേ നിലപാടല്ലേ സ്വീകരിക്കുക എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.

rahulfan1

തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ബി.ജെ.പി ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ രാഹുലിനെ പ്രതീക്ഷയോടെ കണ്ട ജനവിഭാഗങ്ങളെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന നീക്കങ്ങളാണ് അണിയറയില്‍ ഇപ്പോള്‍ നടക്കുന്നത്.

Express view

Top