ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നാളെ ബിജെപി യോഗം ചേരാന്‍ തീരുമാനിച്ചു. ഡല്‍ഹിയിലെ യോഗത്തില്‍ എംപിമാരും നേതാക്കളും പങ്കെടുക്കും. യോഗത്തില്‍ ഭാവി പരിപാടികളും ആസൂത്രണം ചെയ്യും.
രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണുണ്ടായത്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ജനവിധി മാനിക്കുന്നുവെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് ഛത്തിസ്ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ക്ക് നന്ദി പറയുകയാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
ഈ സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ വിശ്രമില്ലാതെയാണ് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. വിജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.