ചുവപ്പിന്റെ കൊടും ശത്രുക്കള്‍ക്ക് പോലും തള്ളിക്കളയാന്‍ കഴിയാത്ത പ്രതിച്ഛായ !

മ്മ്യൂണിസ്റ്റുകളുടെ പ്രത്യേകിച്ച് സി.പി.എമ്മിന്റെ നമ്പര്‍ വണ്‍ ശത്രുവാണ് ബി.ജെ.പിയും ആര്‍.എസ്.എസും. ആരോട് പൊറുത്താലും സി.പി.എം ഈ കാവി പടയോട് പൊറുക്കില്ല. അതാണ് നാളിതുവരെയുള്ള ചരിത്രം.

ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സി.പി.എം എന്ന പേര് കേട്ടാല്‍ തന്നെ ചുവപ്പ് കണ്ട കാളയുടെ അവസ്ഥയാണ്.

കൊണ്ടും കൊടുത്തും പരസ്പരം കണക്ക് തീര്‍ക്കുന്ന ഇരു പാര്‍ട്ടികളുടെയും അണികള്‍ മാത്രമല്ല നേതാക്കള്‍ പോലും പരസ്പരം അടുക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു കമ്യൂണിസ്റ്റുകാരനെക്കുറിച്ചും നാളിതുവരെ നല്ലത് ഒരു ബി.ജെ.പി നേതാവും പറഞ്ഞിട്ടില്ല. എന്നാല്‍ ആ കൊടും ശത്രുതയ്ക്ക് പോലും ചുവപ്പിന്റെ കഴിവിനെ അംഗീകരിക്കേണ്ട അസാധാരണ സാഹചര്യം പാര്‍ലമെന്റിലുണ്ടായി.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് ഒരു ഊഴം കൂടി പാര്‍ലമെന്റില്‍ ഉണ്ടാവണമെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ പാര്‍ലമെന്റ് അംഗങ്ങള്‍ ആരും ഞെട്ടിയില്ല. പക്ഷേ ഞെട്ടല്‍ മൊത്തം ഇങ്ങ് കേരളത്തിലായിരുന്നു. ഇവിടുത്തെ സംഘ പരിവാര്‍ പ്രവര്‍ത്തകരാണ് അന്തം വിട്ട് നിന്നത്.

പാര്‍ലമെന്റില്‍ വീണ്ടും രാജീവിനെ എത്തിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറിയോട് രാജ്യസഭയില്‍ വച്ച് തന്നെ ആവശ്യപ്പെട്ടവരില്‍ അരുണ്‍ ജെയ്റ്റ്‌ലി മാത്രമല്ല സകല പാര്‍ട്ടി നേതാക്കളും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

സഭാചട്ടങ്ങളുടെ വിജഞാനകോശമെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം ഗുലാം നബി ആസാദ് പറഞ്ഞപ്പോള്‍ രാജീവ് സഭയില്‍ അനിവാര്യമാണെന്നാണ് മായാവതിയും ശരദ് യാദവും അടക്കമുള്ള പ്രമുഖ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. രാജ്യത്തെ പൊതുപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അത്യപൂര്‍വ്വമായ അംഗീകാരമാണിത്.

ഒരു പാര്‍ലമെന്റ് അംഗം എങ്ങനെ ആയിരിക്കണം എന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച് രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ രാജീവ് വീണ്ടും മത്സര രംഗത്തിറങ്ങുമ്പോള്‍ ഉറച്ച കോട്ടയിലും കോണ്‍ഗ്രസ്സിന്റെ ചങ്കിടിക്കുകയാണിപ്പോള്‍.

രാജ്യത്തെ തന്നെ പ്രധാന നഗരങ്ങളില്‍ ഒന്നായ എറണാകുളം നഗരം ഉള്‍പ്പെടുന്ന ലോകസഭ മണ്ഡലം ഏറ്റവും സുരക്ഷിത മണ്ഡലമായാണ് കോണ്‍ഗ്രസ്സ് വിലയിരുത്തുന്നത്.

ഇവിടെയാണ് പ്രതീക്ഷകള്‍ക്ക് മേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി രാജീവ് ലാന്‍ഡ് ചെയ്തിരിക്കുന്നത്. എതിരാളി ആരായാലും നേരിടാനുള്ള ചങ്കുറപ്പോടെയുള്ള ആ വരവിനെ ഗൗരവമായി കോണ്‍ഗ്രസ്സും യു.ഡി.എഫ് ഘടകകക്ഷികളും കണ്ടില്ലെങ്കില്‍ പണി പാളുമെന്ന് ഉറപ്പ്.

സ്വന്തം നേതാക്കള്‍ തന്നെ രാജീവ് പാര്‍ലമെന്റില്‍ അനിവാര്യമെന്ന് വ്യക്തമാക്കിയതാണ് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഇനി വിനയാവുക. ഇടതുപക്ഷമാകട്ടെ ഇത് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യും.

7 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന എറണാകുളം ലോകസഭ മണ്ഡലത്തില്‍ നിന്നും 87,047 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രൊഫ.കെ.വി തോമസ് കഴിഞ്ഞ തവണ വിജയിച്ചത്.

ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് മണ്ഡലത്തില്‍ നിന്നും വിജയിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന് സംസ്ഥാന ഘടകം നല്‍കിയിരുന്നത്. എന്നാല്‍ രാജീവിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇവിടെ ഇപ്പോള്‍ വാശിയേറിയ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. മുന്‍പ് സെബാസ്റ്റ്യന്‍ പോളിലൂടെ എറണാകുളത്ത് ചെങ്കൊടി പാറിച്ച ചരിത്രം ഉള്ളതും സി.പി.എമ്മിനെ സംബന്ധിച്ച് ആത്മ വിശ്വാസം നല്‍കുന്ന ഘടകമാണ്.

ഐക്യരാഷ്ട്രസഭയില്‍ വരെ രാജ്യത്തിന്റെ പ്രതിനിധിയായി പ്രസംഗിച്ച രാജീവ്, ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി പൂര്‍ത്തിയാക്കുന്ന നേതാവാണ്. അത് നാട്ടിലായാലും പാര്‍ലമെന്റിലായാലും ഈ കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് ഒരു പോലെയാണ്.

ബൗദ്ധിക ഔന്നത്യത്തിനൊപ്പം പ്രായോഗികതയും ചേര്‍ന്നിണങ്ങിയ ഇത്തരമൊരു വ്യക്തിത്വം അപൂര്‍വ്വമാണെന്നാണ് സാഹിത്യകാരന്‍ എം.കെ സാനുവിനെ പോലെയുള്ളവരുടെ അഭിപ്രായം.

സി.പി.എമ്മിനെ സംബന്ധിച്ച് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ മാത്രമല്ല സംഘടനാ തലത്തിലും ഏറെ പ്രതീക്ഷയുള്ള നേതാവാണ് രാജീവ്. തീഷ്ണമായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് എസ്.എഫ്.ഐ യിലൂടെയായിരുന്നു അരങ്ങേറ്റം.

2017ല്‍ എറണാകുളത്ത് നടന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി പി രാജീവ് ചെയര്‍മാനായ സംഘാടക സമിതി 13 വീടുകളാണ് പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയത്. ജില്ലാ സെക്രട്ടറി ആയിരിക്കെ തുടങ്ങിയ കനിവ് പദ്ധതിയില്‍ 57 വീടുകളുടെ താക്കോലുകളാണ് കൈമാറിയത്. 41 വീടുകള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. ഫ്‌ളാറ്റുകളില്‍ അടക്കം ജൈവ പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചു. ഓണവും വിഷുവും ലക്ഷ്യമിട്ട് ജൈവജീവിതം പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് കുടുംബങ്ങളിലാണ് പച്ചക്കറി കൃഷി തുടങ്ങിയിരുന്നത്.

രാജ്യസഭാ എംപിയായിരിക്കെ രാജീവ് ആരോഗ്യമേഖലയില്‍ നടത്തിയ ഇടപെടലുകളും മാതൃകയാണ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള ലീനിയര്‍ ആക്‌സിലേറ്റര്‍, എംആര്‍ഐ സ്‌കാന്‍, സൗജന്യഭക്ഷണ ശാല തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. രാജീവ് കണ്‍വീനറായ നഗരവികസന സമിതി നടത്തിയ സമരങ്ങളാണ് മെട്രോപദ്ധതിയെ പരിക്കൊന്നും കൂടാതെ ഇവിടം വരെയെത്തിച്ചതെന്ന് എതിരാളികള്‍ പോലും സമ്മതിയ്ക്കുന്ന കാര്യമാണ്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമാണ് ഇപ്പോള്‍ പി.രാജീവ്. 2015ലും 2018ലും പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറിയായി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2009ല്‍ രാജ്യസഭാംഗവും പാനല്‍ ഓഫ് ചെയര്‍മാനുമായി. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ഡെപ്യൂട്ടി ലീഡറും രാജ്യസഭയില്‍ ചീഫ് വിപ്പുമായിരുന്നു.

2017ലെ മികച്ച എംപിയ്ക്കുള്ള സന്‍സത് രത്‌ന പുരസ്‌ക്കാരം, മികച്ച പൊതുപ്രവര്‍ത്തകനുള്ള പി.കെ.വി അവാര്‍ഡ്, പി.പി ഷണ്‍മുഖദാസ് അവാര്‍ഡ്, മികച്ച മുഖപ്രസംഗത്തിനുള്ള പന്തളം കേരളവര്‍മ പുരസ്‌ക്കാരം എന്നിവ ലഭിച്ചു. മാത്രമല്ല, നിരവധി പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് പി രാജീവ്.

അറിവും പ്രവര്‍ത്തന മികവും നല്‍കുന്ന ആത്മവിശ്വാസവുമായാണ് എറണാകുളം പിടിക്കാന്‍ ഈ വിപ്ലവകാരി രംഗത്തിറങ്ങുന്നത്.

political reporter

Top