ന്യൂഡല്‍ഹി: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഗോവയിലും മണിപ്പൂരിലും ഭരണം പിടിക്കാന്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസും ബി.ജെ.പിയും.
ചെറു പാര്‍ട്ടികളെയും സ്വതന്ത്രരെയും പ്രാദേശിക പാര്‍ട്ടികളെയും കൂടെ നിര്‍ത്താന്‍ ഇരു പാര്‍ട്ടികളും ശ്രമം തുടങ്ങി.
മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറാണ് ഗോവയില്‍ ബിജെപി ക്യാമ്പിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ ഗോവയുടെ ചുമതലയുള്ള കെസി വേണുഗോപാലാണ് കോണ്‍ഗ്രസ് സര്‍ക്കാരിനായി കൂടിയാലോചനകള്‍ നടത്തുന്നത്.
നാലു സംസ്ഥാനങ്ങളിലും സര്‍ക്കാറുണ്ടാക്കുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ന് ചേരുന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നടപടികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പുറത്ത് വരുന്ന വിവരം.
ഗോവയില്‍ ഇന്ന് രാവിലെ 11മണിക്ക് കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ യോഗം ചേരുന്നുണ്ട്. ഗോവയില്‍ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിന് 17 സീറ്റുകളുണ്ട്.
ഒരുസീറ്റ് നേടിയ എന്‍.സി.പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്ന് സീറ്റുള്ള ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയും കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് അറിയുന്നത്. ഒരു സ്വതന്ത്രനെ കൂടി കൂടെ നിര്‍ത്താനായാല്‍ 22 അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന് സര്‍ക്കാറുണ്ടാക്കാം. എന്നാല്‍ 13 സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പിക്ക് സര്‍ക്കാറുണ്ടാക്കണമെങ്കില്‍ ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണം.
മണിപ്പൂരില്‍ ബി.ജെ.പിക്ക് 21 അംഗങ്ങളേ ഉള്ളൂ. എന്നാല്‍ നാലംഗങ്ങളുള്ള എന്‍.പി.പി ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. നാലു സീറ്റുള്ള എന്‍.പി.എഫ് കോണ്‍ഗ്രസ് വിരുദ്ധരെ പിന്തുണക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. രണ്ടുപേരുടെ പിന്തുണ കൂടി ലഭിച്ചാല്‍ ബി.ജെ.പിക്ക് സാധ്യതയുണ്ട്. മണിപ്പൂരില്‍ 28 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളുടെ പിന്തുണകൂടി ലഭിച്ചാല്‍ കേവല ഭൂരിപക്ഷം തികക്കാം.
സംസ്ഥാനത്തിന്റെ ചുമതലയുള്ള രമേശ് ചെന്നിത്തല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി മണിപ്പൂരിലെത്തിയിട്ടുണ്ട്.