ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്: രവിശങ്കര്‍ പ്രസാദ്

ravi-shankar-prasad-

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ എതിര്‍ത്ത് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത്.

കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നാണ് രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത് വ്യാജരേഖകളാമെന്നും ഡയറിയിലെ കൈപ്പട പരിശോധിക്കണമെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയ്ക്കെതിരെ വന്‍ അഴിമതി ആരോപണവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ബിജെപി നേതാവും മുന്‍കര്‍ണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ 2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയെന്ന വെളിപ്പെടുത്തലുമായാണ് കോണ്‍ഗ്രസ് രംഗത്ത് എത്തിയത്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി, രാജ്നാഥ് സിംഗ് തുടങ്ങിയ ബി.ജെ.പിയുടെ കേന്ദ്രനേതാക്കളാണ് യെദ്യൂരപ്പയില്‍ നിന്നും 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായി ആരോപണമുള്ളത്. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ രംഗത്തു വന്ന കോണ്‍ഗ്രസ് നേതാവ് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് ഇടപാടുകള്‍ നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകള്‍ യെദ്യൂരപ്പ രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പ് വെച്ചിട്ടുമുണ്ട്. ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുക്കുകയായിരുന്നു. 2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്റെ കൈവശമുണ്ടെന്ന് കാരവാന്‍ മാഗസിന്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍, കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണത്തെ ശക്തമായി എതിര്‍ക്കുകയാണ് ബിജെപി.

Top