തിരഞ്ഞെടുപ്പ് കടപ്പത്രവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നെങ്കിലും, കടപ്പത്രം ആരുടെ കയ്യിൽനിന്ന് വാങ്ങി എന്ന നിർണായക വിവരം വെളിപ്പെടുത്താതെ പ്രമുഖ പാർട്ടികൾ. രാഷ്ട്രീയ പാർട്ടികൾ 2019ൽ സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ വിവരങ്ങളാണു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചത്. 2017–18 സാമ്പത്തിക വർഷം മുതലുള്ള രേഖകളാണു പുറത്തുവന്നത്. ഇതിൽ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രമുഖ പാർട്ടികൾ കടപ്പത്രം ആരാണ് വാങ്ങിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2019 മുതലുള്ള ഇലക്ടറൽ ബോണ്ട് വിവരങ്ങൾ സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.
മിക്ക രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കടപ്പത്രം വഴി കൈപ്പറ്റിയ തുകയുടെ വിവരങ്ങൾ മാത്രം പുറത്തുവിട്ടപ്പോൾ 10 പാർട്ടികളാണ് ആരൊക്കെയാണ് കടപ്പത്രം വാങ്ങിയതെന്നും ഓരോരുത്തരുടെ പക്കൽനിന്ന് എത്ര തുകയാണ് കൈപ്പറ്റിയതെന്നും അടക്കമുള്ള വിശദവിവരം വെളിപ്പെടുത്തിയത്. ഡിഎംകെ, അണ്ണാ ഡിഎംകെ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, ജനതാദൾ സെക്യുലർ(ജെഡിഎസ്), ജമ്മു കശ്മീർ നാഷനൽ കോൺഫറൻസ്, മഹാരാഷ്ട്ര ഗോമന്തക് പാർട്ടി– ഗോവ, ആം ആദ്മി പാർട്ടി, സമാജ്‍വാദി പാർട്ടി, എൻസിപി, ജെഡിയു എന്നീ പാർട്ടികളാണ് വിവരങ്ങൾ പങ്കുവച്ചത്.
എഐഎഡിഎംകെയുടെ ഏറ്റവും വലിയ ദാതാവ് ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സാണ്. 5 കോടി രൂപയാണ് ചെന്നൈ സൂപ്പർ കിങ്സ് നൽകിയത്. ജെഡിഎസിന് 50 കോടി രൂപ എംഇഐഎലിൽനിന്നും 22 കോടി എംബസി ഗ്രൂപ്പിൽനിന്നുമാണ് ലഭിച്ചത്. ജമ്മു കശ്മീർ നാഷനൽ കോൺഫറൻസിന് 50 ലക്ഷം രൂപ ഭാരതി ഗ്രൂപ്പിൽനിന്നും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് 50 ലക്ഷം രൂപ അലേംബിക് ഫാർമയിൽനിന്നുമാണ് കിട്ടിയത്.
എംജിപി ഗോവ പാർട്ടിക്ക് ഏറ്റവും കൂടുതൽ തുക സംഭാവന നൽകിയത് വിഎം സാൽഗോൻകർ ആൻഡ് ബ്രദേഴ്സ് (1.25 കോടി രൂപ) ആണ്. സാൻ ബിവറേജസ്, എസ്കെ ട്രേഡ്ഴേസ്, ബിഎസ് ട്രേഡേഴ്സ് എന്നിവരാണ് സമാജ്‍വാദി പാർട്ടിയുടെ ഉയർന്ന സംഭാവനക്കാർ. ജെഡിയുവിന് മൂന്നു കോടി രൂപ നൽകിയത് ഭാരത് എയർടെലും ശ്രീ സിമന്റ്സും കൂടിയാണ്. എഎപിക്ക് ലഭിച്ചതിൽ മൂന്നു കോടി രൂപ ബജാജ് ഗ്രൂപ്പിൽനിന്നും ഒരു കോടി ടൊറന്റ് ഫാർമസ്യൂട്ടിക്കൽസിൽ നിന്നുമാണ്.
സിപിഎം, സിപിഐ, മഹാരാഷ്ട്ര നവനിർമാൺ സേന, മുസ്‍ലിം ലീഗ്, കേരള കോൺഗ്രസ് എന്നീ പാർട്ടികളാണ് തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് അറിയിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കടപ്പത്രം വഴി ഏറ്റവും കൂടുതൽ തുക സമ്പാദിച്ചത് ബിജെപി തന്നെയാണ്. 2018ൽ തിരഞ്ഞെടുപ്പ് കടപ്പത്രം അവതരിപ്പിച്ചതു മുതൽ ഇതുവരെ 6,986.5 കോടി രൂപയാണ് ബിജെപി സമാഹരിച്ചത്. കോൺഗ്രസിന് 1,334 കോടി രൂപ ലഭിച്ചപ്പോൾ തൃണമൂൽ കോൺഗ്രസിന് 1397 കോടിയും ബിആർഎസിന് 1322 കോടിയും ലഭിച്ചു.