BJP considering to Manju warrier for nominated Rajyasabha seat

ന്യൂഡല്‍ഹി: ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരെ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. നേരത്തെ പരിഗണനയിലുണ്ടായിരുന്ന മോഹന്‍ലാല്‍ ഇപ്പോള്‍ എം.പിയാകാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മഞ്ജു വാര്യരെ പരിഗണിക്കുന്നത്.

മാര്‍ച്ചില്‍ വരുന്ന രണ്ട് ഒഴിവുകളില്‍ പ്രശസ്ത നടി ശബാന അസ്മിയുടെ ഭര്‍ത്താവും സംഗീതജ്ഞനുമായ ജാവേദ് അക്തറിന്റെ ഒഴിവിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്.

നോമിനേറ്റഡ് അംഗങ്ങളുടെ പട്ടികയിലേക്കാണ് ഈ ക്ഷണം. ബിജെപിയുടെ ഉന്നത നേതൃത്വം ഈ വാഗ്ദാനവുമായി മഞ്ജു വാര്യരെ വീണ്ടും സമീപിച്ചിരിക്കുകയാണ്. ഇക്കാര്യം മഞ്ജുവാര്യരുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തേയും ഇതേ ആവശ്യം മുന്‍നിര്‍ത്തി നടി മഞ്ജുവിനെ ബിജെപി ദൂതന്‍മാര്‍ സമീപിച്ചിരുന്നുവെങ്കിലും താരം മനസ്സുതുറന്നിരുന്നില്ല. സിനിമകളിലേയും പരസ്യ ചിത്രങ്ങളിലേയും നിലവിലെ കമ്മിറ്റ്‌മെന്റുകളായിരുന്നു ഇതിന് പ്രധാന കാരണം.

വീണ്ടും ഇതേ ഓഫര്‍ മുന്നോട്ടുവച്ച ബിജെപി നേതൃത്വം മഞ്ജുവിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ മാനദണ്ഡം അനുസരിച്ചല്ലെങ്കിലും ഈ സെലക്ഷനില്‍ രാഷ്ട്രീയ ‘താല്‍പര്യമാണ്’ പരിഗണിക്കപ്പെടാറുള്ളത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നടി രേഖ തുടങ്ങിയ വിവിധമേഖലകളിലെ കഴിവ് തെളിയിച്ച 12 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയില്‍ ഉള്ളത്.

ചലച്ചിത്ര മേഖലയില്‍ നിന്നുതന്നെ ബിജെപി അുഭാവികളായ നിരവധി പേര്‍ എം പി മോഹവുമായി രംഗത്തുണ്ടെങ്കിലും കേരളത്തില്‍ ബിജെപിക്ക് ഗുണകരമാവുന്ന രൂപത്തിലുള്ള തീരുമാനമെടുക്കണമെന്ന നിലപാടാണ് അമിത് ഷാ അടക്കമുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളത്.

കേരളത്തിലെ സാമൂഹ്യ മേഖലയില്‍ ഇതിനകം തന്നെ സജീവമായ മഞ്ജുവാര്യര്‍ക്കുള്ള പൊതുസമ്മതി ബിജെപിക്കനുകൂലമാക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. അതുകൊണ്ടുതന്നെയാണ് മഞ്ജുവാര്യരെ സജീവമായി പരിഗണിക്കുന്നത്.

ഇത്തരമൊരു തീരുമാനമെടുക്കുന്ന ബിജെപി സര്‍ക്കാരിന് അനുകൂലമായ വികാരം സ്ത്രീസമൂഹത്തിനിടയിലുണ്ടാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്നത് വലിയ അംഗീകാരമാണെങ്കിലും കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ അത് തെറ്റിദ്ധരിക്കപ്പെടുമോയെന്ന ആശങ്ക മാത്രമാണ് മഞ്ജു വാര്യര്‍ക്കുള്ളതെന്നാണ് സൂചന.

നേരത്തെ കേരളത്തില്‍ നിന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ സിപിഎം പരിഗണിച്ചിരുന്നുവെങ്കിലും തല്‍ക്കാലം അഭിനയ രംഗത്ത് തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു മമ്മൂട്ടിയുടെ തീരുമാനം.

ഇപ്പോള്‍ വീണ്ടും ഒഴിവുവരുന്ന സ്ഥിതിക്ക് മമ്മൂട്ടി ഇടതു ടിക്കറ്റില്‍ രാജ്യസഭയിലെത്താന്‍ സാധ്യത കൂടുതലായതിനാല്‍ പാര്‍ട്ടി ഓഫര്‍ മഞ്ജു വാര്യരും തള്ളിക്കളയില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

Top