പത്തനംതിട്ട: നടയടക്കുവാനുള്ള നീക്കം ബിജെപിയുമായി കൂടിയാലോചിച്ചെന്ന് വ്യാഖ്യാനിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
തന്ത്രിയടക്കം പലരും വിളിച്ചിരുന്നെന്നും നിയമപരമായ ഉപദേശം തേടിയ പലര്‍ക്കും താന്‍ മറുപടി കൊടുത്തിരുന്നെന്നും കോടതിയലക്ഷ്യ കേസ് ഉള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രിയും താനും കോടതിയലക്ഷ്യക്കേസിലെ പ്രതികളാണെന്നും കൂട്ടു പ്രതികള്‍ തമ്മില്‍ സംസാരിക്കേണ്ടി വരുമെന്നും തനിക്കെതിരായ കോടതിയലക്ഷ്യക്കേസിന് പിന്നില്‍ സിപിഎം ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തെത്തിയതിനു പിന്നാലെയാണ് ശ്രീധരന്‍ പിള്ള വിശദീകരമവുമായി എത്തിയത്. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശബ്ദരേഖയായിരുന്നു പുറത്തായത്.
നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിയ്ക്ക് ഉറപ്പ് നല്‍കിയെന്നുമാണ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.