തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ ശക്തികേന്ദ്രങ്ങളായ നേമം, തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം, കാട്ടാക്കട, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ പ്രമുഖനേതാക്കളെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വ യോഗം തീരുമാനിച്ചതോടെ സിപിഎമ്മും ഉഷാറായി.
ബിജെപി നേതൃത്വം ജയസാധ്യത കാണുന്ന മണ്ഡലങ്ങളില്‍ എന്ത് വിലകൊടുത്തും ബിജെപി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പ് വരുത്താനാണ് സിപിഎമ്മിന്റെ നീക്കം.
ഇതിനായി മതനിരപേക്ഷ ശക്തികളുടെ ഐക്യം ഈ സെലക്റ്റഡ് മണ്ഡലങ്ങളില്‍ ‘പ്രത്യേകമായി’ രൂപപ്പെടുത്തുമെന്നാണ് സിപിഎം നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച തലസ്ഥാന ജില്ലയിലെ തിരുവനന്തപുരം സെന്‍ട്രല്‍, നേമം, കഴക്കൂട്ടം, കാട്ടാക്കട മണ്ഡലങ്ങളില്‍ യഥാക്രമം ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവരെ സ്ഥാനാര്‍ത്ഥികളാക്കാനാണ് അമിത് ഷായുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തിന്റെ തീരുമാനം.
കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തോ കാസര്‍കോട്ടോ മത്സരിക്കും. ശോഭാ സുരേന്ദ്രന്‍ പാലക്കാട്ടാണ് മത്സരിക്കുക.
ബിജെപി ജയസാധ്യത കാണുന്ന മണ്ഡലങ്ങള്‍ സഖ്യകക്ഷിയായ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് മാറ്റിവയ്ക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
നിലവില്‍ നേമത്തെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടിയും കഴക്കൂട്ടത്ത് കോണ്‍ഗ്രസിലെ എംഎ വാഹിദും, കാട്ടാക്കടയെ സ്പീക്കര്‍ എന്‍ ശക്തനുമാണ് പ്രതിനിധീകരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലിനെ ആരോഗ്യ-ദേവസ്വം മന്ത്രി വിഎസ് ശിവകുമാറാണ് പ്രതിനിധീകരിക്കുന്നത്.
കാസര്‍കോട് മണ്ഡലത്തെ എന്‍ എ നെല്ലിക്കുന്നും മഞ്ചേശ്വരത്തെ പി ബി അബ്ദുള്‍ റസാഖുമാണ് പ്രതിനിധീകരിക്കുന്നത്.
സിപിഎമ്മിനെ സംബന്ധിച്ച് സിറ്റിംങ് സീറ്റ് നിലനിര്‍ത്തുക എന്നതിലുപരി ബിജെപിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഇത്തവണയും തടയുക എന്ന ലക്ഷ്യം കൂടിയുണ്ട്.
ഇക്കാര്യത്തില്‍ ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികളും മറ്റുചില സംഘടനകളും ഇടതുപക്ഷത്തിനൊപ്പം ബിജെപി ലക്ഷ്യമിടുന്ന മണ്ഡലങ്ങളില്‍ സഹായിക്കാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകരും മുന്‍കൂട്ടി കാണുന്നുണ്ട്.
എന്നാല്‍ ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാന്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയാല്‍ അതിന് സിപിഎം വലിയ വില നല്‍കേണ്ടി വരുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ മുന്നറിയിപ്പ്.
യുഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടായാലും വേണ്ടില്ല, ഇടതുപക്ഷത്തിന്റെ പരാജയം ഉറപ്പ് വരുത്തണമെന്നതാണ് ബിജെപിയുടേയും ഇലക്ഷന്‍ ‘അജണ്ട’.
ഇത്തവണ ഇടതുപക്ഷത്തിന് അധികാരം കിട്ടിയില്ലെങ്കില്‍ സിപിഎം വോട്ടുകളില്‍ ഭാവിയില്‍ വിള്ളലുണ്ടാക്കാന്‍ പറ്റുമെന്നതാണ് അവര്‍ കണക്കുകൂട്ടുന്നത്. ചുരുങ്ങിയത് മൂന്നു മണ്ഡലങ്ങളിലെങ്കിലും വിജയിക്കുക, തൂക്ക് മന്ത്രിസഭ വന്നാല്‍ മുന്നണികളെ വിറപ്പിക്കുക എന്നതാണ് തന്ത്രം.
അക്കൗണ്ട് തുറക്കുന്നതോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട 25 മണ്ഡലങ്ങളില്‍ ശക്തി തെളിയിക്കണമെന്നും ഇവിടെ രണ്ടാംസ്ഥാനത്ത് എത്താനെങ്കിലും ശ്രമിക്കണമെന്നുമാണ് അമിത് ഷായുടെ നിര്‍ദ്ദേശം.