bjp – cpm – case

കണ്ണൂര്‍: പാനൂര്‍ ചൊക്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി ഡ്രൈവറായ ബിജെപി പ്രവര്‍ത്തകന്‍ പൂക്കോം ഇളയടത്ത് താഴെകുനിയില്‍ ഇ.കെ. ബിജുവിനെ (39) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തു. പൂക്കോം സ്വദേശി നിഖില്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരേയാണ് കേസ്.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജു അപകടനില തരണം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ എട്ടോടെ ചൊക്ലി മാരാങ്കണ്ടി റോഡിലായിരുന്നു സംഭവം.

സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബിജുവിനെ ഇടവഴിയില്‍ കാത്തുനിന്ന അക്രമിസംഘം ഓട്ടോ തടഞ്ഞു പിടിച്ചിറക്കി കുട്ടികളുടെ കണ്‍മുന്നിലിട്ടു വെട്ടുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പൂക്കോത്തും പരിസരപ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാണ്.

Top