പാലക്കാട്: സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പാലക്കാട് നഗരസഭയില്‍ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്തെത്തിയതോടെയാണ് പ്രതിഷേധം കത്തിക്കയറിയത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അംഗങ്ങള്‍ പുറത്തിറങ്ങിപ്പോള്‍ നഗരസഭക്ക് അകത്ത് സിപിഎം അംഗങ്ങള്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചു.
എന്നാല്‍ നഗരസഭക്ക് അകത്ത് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ആകില്ലെന്ന് പൊലീസ് പറഞ്ഞതോടെ അംഗങ്ങള്‍ ദേശീയ പതാകയുമായി നഗരസഭക്ക് പുറത്തേക്കിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതിനെ ജയ് ശ്രീറാം വിളികളോടെ ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും നേരിട്ടതോടെ സംഘര്‍ഷ സാധ്യത ഉണ്ടാവുകയായിരുന്നു. പൊലീസ് വളരെ അധികം ജാഗ്രതയോടെ സംഘര്‍ഷ സാധ്യത ഒഴിവാക്കുകയായിരുന്നു. .
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഫ്‌ളക്‌സ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പാലക്കാട് നഗരസഭയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയിലേക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപി വിജയാഹ്ലാദത്തിനിടെ ജയ് ശ്രീറാം ഫ്‌ലക്‌സ് തൂക്കിയതാണ് നേരത്തെ വിവാദമായത്. കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെട്ട സംഭവത്തില്‍ പൊലീസ് ഇതുവരെയും ആരെയും പ്രതിചേര്‍ത്തിട്ടില്ല.
സംഭവ സ്ഥലത്തുണ്ടായിരുന്ന സ്ഥാനാര്‍ത്ഥികളേയും കൗണ്ടിങ് ഏജന്റുമാരെയും തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് പൊലീസ് പറയുന്നത്. റിട്ടേണിങ് ഓഫീസറുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നാണ് ടൗണ്‍ സൗത്ത് പൊലീസിന്റെ പ്രതീക്ഷ. തുടര്‍ന്നാവും കേസില്‍ പ്രതി ചേര്‍ക്കുക.