ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടികളെല്ലാം വിജയം രചിക്കാനുള്ള നെട്ടോട്ടത്തിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ബി.ജെ.പി സങ്കല്‍പ് പത്രിക പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ ഉയര്‍ത്തി കാട്ടുന്നതാണ് പ്രകടന പത്രിക.
ഡല്‍ഹിയിലെ പ്രധാന വെല്ലുവിളിയായ ജല, വായു മലിനീകരണം ഇല്ലാതാക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് യമുന ശുദ്ധീകരിക്കും. എന്നിവ പത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്. കൂടാതെ സുരക്ഷിതവും വികസിതവുമായ ഡല്‍ഹിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
അനധികൃത കോളനികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി കോളനി വികസന ബോര്‍ഡ്. പാവപ്പെട്ടവര്‍ക്ക് 2 രൂപക്ക് ആട്ട. പുതിയ 200 സ്‌കൂളുകള്‍,10 കോളജുകള്‍ എന്നിങ്ങനെയാണ് വാഗ്ദാനങ്ങള്‍. കോളജുകളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടര്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് സൈക്കിള്‍ തുടങ്ങിയ വാഗ്ദാനങ്ങളും ബി.ജെ.പി പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, നിതിന്‍ ഗഡ്കരി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, ഡല്‍ഹിയിലെ എം.പിമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്.