മലേഗാവ് സ്ഫോടനത്തില്‍ കുറ്റാരോപിതയായ ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിനെ മധ്യപ്രദേശ് അസ്സംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ബിജെപി ഒഴിവാക്കി. പ്രഗ്യ പ്രചാരണത്തിലിറങ്ങുന്നതിലൂടെ അനാവശ്യ വിവാദങ്ങളുണ്ടാകുംഎന്നതിനാലാണ് ബിജെപിക്ക് അവരെ മാറ്റിനിര്‍ത്തേണ്ടി വരുന്നത്. 2019ല്‍ ഭോപ്പാലില്‍ നിന്നാണ് പ്രഗ്യാസിങ് ഠാക്കൂര്‍ പാര്‌ലമെന്റിലേക്കെത്തുന്നത്. ഇന്ത്യയില്‍ ഹിന്ദുത്വ ഭീകരവാദം നിലനില്‍ക്കുന്നുവെന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് പ്രഗ്യയുടെ സ്ഥാനാര്‍ഥിത്വമെന്ന് അന്ന് പ്രധാനമന്ത്രിതന്നെ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വിവാദങ്ങള്‍ ക്ഷണിച്ചു വരുത്താന്‍ സാധ്യതയുള്ളതുകൊണ്ട് പ്രഗ്യയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ല എന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ബിജെപിയുടെ താരപ്രചാരകരുടെ പട്ടിക തയ്യാറാക്കുന്ന യോഗത്തില്‍ തന്നെ പ്രഗ്യയെ ഉള്‍പ്പെടുത്തിയാല്‍ അവര്‍ അനാവശ്യ ശ്രദ്ധ പിടിച്ചെടുക്കും എന്നതുകൊണ്ട് പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് തീരുമാനിക്കുകയായൊരുന്നു. ഇതാദ്യമായല്ല പ്രഗ്യയെ പ്രചാരകരുടെ പട്ടികയില്‍ നിന്നും പുറത്താക്കുന്നത്. നേരത്തെ മധ്യപ്രദേശില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലെ പ്രചാരകരുടെ പട്ടികയില്‍ പ്രഗ്യാസിങ് ഉണ്ടായിരുന്നില്ല.
ഭോപ്പാലില്‍ കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെ 3.65 ലക്ഷം വോട്ടുകള്‍ക്കാണ് പ്രഗ്യ തോല്‍പ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട് കേവലം ആറു മാസങ്ങള്‍ക്ക് ശേഷം 2019 നവംബറില്‍ ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ ഒരു രാജ്യസ്‌നേഹിയാണെന്ന പ്രഗ്യയുടെ വിവാദ പ്രസ്താവന വരുന്നത്. ലോക്‌സഭയില്‍ പ്രതിസന്ധിയിലായ ബിജെപിക്ക് പ്രഗ്യയെ പ്രതിരോധകാര്യ പാര്‍ലമെന്ററി സമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടി വന്നു. ആ സമിതിയിലേക്ക് പ്രഗ്യയെ നാമനിര്‍ദേശം ചെയ്ത് എട്ട് ദിവസം കഴിയുമ്പഴേക്കാണ് വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് ബിജെപിക്ക് അവരെ പുറത്താക്കേണ്ടിവന്നത്.