ബംഗളൂരു: ഒരുമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് കൊട്ടിക്കലാശമായി. 224 അംഗ നിയമസഭയിലേക്ക് നാളെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 15നാണ് വോട്ടെണ്ണല്‍.
കോണ്‍ഗ്രസിനും ബിജെപിക്കും വാശിയേറിയ തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ ഇത്തവണ നടക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും തിരിച്ചുവരാന്‍ ബിജെപിയും ശക്തമായ പോരാട്ടം നടത്തുമ്പോള്‍ നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നാണ് ജനതാദള്‍ എസിന്റെ പ്രതീക്ഷ. നാല്‍പ്പതോളം സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിര്‍ണായക ശക്തിയാകാമെന്ന കണക്കുകൂട്ടലിലാണ് ജനതാദള്‍ സെക്യുലര്‍. 19 സീറ്റിലാണ് സിപിഐ എം മത്സരിക്കുന്നത്.
ദേശീയ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന് കര്‍ണാടകയിലെത്തി പ്രചരണം കൊഴുപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, ഉമ്മന്‍ ചാണ്ടി, ഗുലാം നബി ആസാദ് തുടങ്ങി മുതിര്‍ന്ന നേതാക്കളായിരുന്നു കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങിയത്. മറുഭാഗത്ത് പ്രധാന മന്ത്രി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരാണ് ബിജെപിക്ക് വേണ്ടി രംഗത്തിറങ്ങിയത്.
പണമൊഴുക്കിന് പുറമെ ഒരുഭാഗത്ത് ബിജെപിയുടെ മതധ്രുവീകരണ പ്രചരണത്തിനും കോണ്‍ഗ്രസിന്റെ പ്രാദേശികവാദത്തിനും സംസ്ഥാനം സാക്ഷിയായി. അവസാന ഘട്ടമായപ്പോള്‍ വ്യക്തിഗതമായ അധിക്ഷേപങ്ങളിലേക്ക് പ്രചാരണം അധഃപതിച്ചു. അഴിമതിക്കേസില്‍ ജയിലിലായ യെദ്യൂരപ്പയല്ലാതെ മറ്റൊരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാനില്ലാത്തതും ബിജെപിക്ക് തിരിച്ചടിയായി. വികസനമോ ജനകീയ പ്രശ്‌നങ്ങളോ ഉയര്‍ത്താതെ സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിനെ ആശ്രയിക്കേണ്ടി വന്നു കോണ്‍ഗ്രസിന്.