ഈ തോൽവിയിൽ ബി.ജെ.പി കാണുന്നത് ഭാവിയിലെ വിജയം, മോദിയും ഹാപ്പിയാണ്

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനു മുന്നേറ്റം നടത്താന്‍ സാധിച്ചെങ്കിലും അത് വലിയ നേട്ടമായി കണ്ട് മുന്നാട്ട് പോയാല്‍ തിരിച്ചടിയാകും ലഭിക്കുക.

രാജസ്ഥാനിലും 15 വര്‍ഷത്തോളമായി മധ്യപ്രദേശിലും നടക്കുന്ന ഭരണത്തിനെതിരായ വിധിയെഴുത്തായി മാത്രമേ ഭരണപക്ഷത്തിന്റെ പരാജയത്തെ കാണാന്‍ സാധിക്കൂ.

സീറ്റുകളുടെ എണ്ണത്തിലും വോട്ടിങ് ശതമാനത്തിലും വലിയ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടില്ല. ഛത്തീസ്ഗഢില്‍ മാത്രമാണ് സീറ്റിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായത്.

തെലങ്കാനയില്‍ വിജയിക്കുമെന്ന് കരുതിയ കോണ്‍ഗ്രസ്സ് മഹാ സഖ്യം തകര്‍ന്നടിയുകയും മിസോറാമില്‍ ഭരണം നഷ്ടപ്പെടുകയും ചെയ്തു.

ഇപ്പോഴത്തെ ജനവിധി ദേശീയ തലത്തില്‍ പ്രതിപക്ഷ ചേരിക്ക് ആത്മവിശ്വാസം നല്‍കുന്നതാണെങ്കിലും അമിത ആത്മവിശ്വാസത്തോടെ ലോകസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുന്നതല്ല.

ശക്തമായ കേഡര്‍ സംവിധാനമുള്ള ബി.ജെ.പിയും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ഈ തിരിച്ചടി മറികടക്കാന്‍ ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു. വിപുലമായ യോഗങ്ങളാണ് താഴെ തട്ടു മുതല്‍ സംഘപരിവാര്‍ സംഘടനകള്‍ ഈ സംസ്ഥാനങ്ങളില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

മധ്യപ്രദേശില്‍ അവസാന നിമിഷം വരെ പൊരുതാന്‍ കഴിഞ്ഞ ബി.ജെ.പിക്ക് രാജസ്ഥാനില്‍ പിഴച്ചത് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍ സഭയുടെ പ്രക്ഷോഭം കൊണ്ടാണ്.

സി.പി.എമ്മിന് സംഘടനാപരമായ അടിത്തറ ഇല്ലാത്തതിനാല്‍ ഈ പ്രക്ഷോഭത്തിന്റെ ഗുണം ലഭിച്ചത് കോണ്‍ഗ്രസ്സിനാണെന്ന് മാത്രം. അതേസമയം സംഘടനാ സംവിധാനമുള്ള മണ്ഡലങ്ങളില്‍ വോട്ട് വര്‍ദ്ധിപ്പിക്കാനും രണ്ട് സീറ്റുകള്‍ ബി.ജെ.പിയില്‍ നിന്നും പിടിച്ചെടുക്കാനും സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്.

രാജസ്ഥാനില്‍ ഓരോ തവണയും ബിജെപിയെയും കോണ്‍ഗ്രസിനെയും മാറി മാറി പരീക്ഷിക്കുന്ന ട്രെന്റ് നിലവിലുള്ളതാണ്. കോണ്‍ഗ്രസ് 99 ഇടത്ത് വിജയം കണ്ടപ്പോള്‍ 77 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചത്. 15 വര്‍ഷം ബിജെപി ഭരിച്ച മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 114 സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചെങ്കിലും 109 സീറ്റുകള്‍ നേടാന്‍ ബിജെപിയ്ക്കായി.

തെലങ്കാന 2013 ല്‍ തന്നെ കോണ്‍ഗ്രസ് നഷ്ടപ്പെടുത്തിയ ഒരിടമാണ്. അഞ്ചു വര്‍ഷത്തിനിപ്പുറം അവിടെ സ്ഥിതി ഒട്ടും മെച്ചപ്പെടുകയല്ല, അതീവം മോശമാവുകയാണു ചെയ്തത്. അവസാനനിമിഷം തട്ടിക്കൂട്ടിയ സഖ്യം ഗുണം ചെയ്തിട്ടില്ലെന്നു വ്യക്തം.

ലോകസഭ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇനി ഈ പ്രാദേശിക വികാരങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. അവിടെ ദേശീയ രാഷ്ട്രീയമാണ് ചര്‍ച്ചാ വിഷയമാകുക.

രാമജന്മഭൂമി പ്രശ്‌നം കത്തിച്ച് നിര്‍ത്തി ഹൈന്ദവ വികാരം ഉയര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ തീരുമാനിച്ചു കഴിഞ്ഞു. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിര്‍ത്തി കടന്ന് പാക്ക്ഭീകര കേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്താനും ഇന്ത്യ തയ്യാറായേക്കും.

ഈ രണ്ട് വിഷയങ്ങളും മറ്റെന്തിനെക്കാളും ജനങ്ങളുടെ ചിന്താശക്തിയെ ഹൈജാക്ക് ചെയ്യുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സാഹസം കാട്ടുമെന്ന് തന്നെ നാം വിലയിരുത്തേണ്ടതുണ്ട്.

മോദി സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ച ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും സംബന്ധിച്ച് അനിവാര്യമാണ്. പ്രതിപക്ഷത്തിനാകട്ടെ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഒറ്റക്കെട്ടായി ഉയര്‍ത്തി കാട്ടാനുമില്ല. ഇവിടെയാണ് കാവിയുടെ രാഷ്ട്രീയം പ്രചരണ രംഗം കയ്യടക്കാന്‍ പോകുന്നത്.

സാമ്പാറ് മുന്നണി തട്ടികൂട്ടി മുന്‍പു ഉണ്ടാക്കിയ സര്‍ക്കാറുകള്‍ക്കെല്ലാം അല്‍പായുസ്സ് മാത്രമുണ്ടായതും ബി.ജെ.പി പ്രചരണമാക്കും. കോണ്‍ഗ്രസ്സിന് ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിയില്ലന്നുള്ള ഉറപ്പു തന്നെയാണ് ബി ജെ പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ് ഫലം മൂന്നാട്ടുള്ള പ്രയാണത്തിന് ടെസ്റ്റ് സാബിളായി എടുത്ത ബി.ജെ.പി നീക്കങ്ങളെ ഗൗരവമായി കണ്ടില്ലെങ്കില്‍ അത് പ്രതിപക്ഷത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.

Top