ഗാസിയാബാദ്: ഗാസിയാബാദിലെ ബി.ജെ.പി റാലിയില്‍ ദേശിയ പതാകക്ക് മുകളില്‍ പാര്‍ട്ടി കൊടി ഉയര്‍ത്തിയത് വിവാദമാകുന്നു.
ഗാസിയാബാദിലെ റാംലീല മൈതാനത്ത് ബി.ജെ.പി സംഘടിപ്പിച്ച റാലിയിലാണ് സംഭവം നടന്നത്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റാലിയില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുന്‍പാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മൈതാനത്തിന് സമീപമുള്ള ജവഹര്‍ ഗേറ്റില്‍ ഉയര്‍ത്തിയിരുന്ന ദേശീയ പതാകക്ക് മുകളില്‍ പാര്‍ട്ടി പതാക കെട്ടിയത്.
പത്രപ്രവര്‍ത്തകരും റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരും കവാടത്തിന് മുകളില്‍ കൊടി കെട്ടിയതിന് സാക്ഷികളായിരുന്നു.
പതാകകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വാര്‍ത്തയാവുകയായിരുന്നു. ഇതോടെ ജില്ലാ അധികൃതര്‍ സ്ഥലത്തെത്തി പാര്‍ട്ടി പതാക കവാടത്തില്‍ നിന്ന് നീക്കം ചെയ്തു.
ഇന്ത്യന്‍ ദേശിയ പതാകക്ക് മുകളിലോ സമാന്തരമോ ഒപ്പമോ മറ്റ് കൊടികളോ വസ്തുക്കളോ സ്ഥാപിക്കാന്‍ പാടില്ലെന്നാണ് പതാക നിയമ (ഫ്‌ലാഗ് കോഡ്) പ്രകാരം വ്യക്തമാക്കുന്നത്.