ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്കു തടയാന്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ കൊണ്ടുവരുന്ന ചട്ടങ്ങള്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടിയായേക്കും.
രാജ്യത്തെ ദേശീയ പാര്‍ട്ടികള്‍ സംഭാവനയായി സ്വീകരിക്കുന്ന പണത്തിന്റെ കണക്കു പുറത്തുവന്നതോടെയാണു പുതിയ ചട്ടങ്ങള്‍ ബിജെപിക്ക് പാരയാകുമോ എന്ന സംശയമുണരുന്നത്.
2015-16 വര്‍ഷത്തില്‍ ഇന്ത്യയിലെ ഏഴു ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്നു സംഭാവനയായി സ്വീകരിച്ച തുകയുടെ ഭൂരിഭാഗവും ബിജെപിക്കാണു ലഭിച്ചതെന്നാണു വെളിപ്പെടുത്തല്‍. 20,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകള്‍ മാത്രം പരിഗണിക്കുമ്പോഴുള്ള കണക്കാണിത്.
അതേസമയം, ഇത്തരത്തില്‍ ലഭിച്ച സംഭാവനകളില്‍ മിക്കതിന്റെയും ഉറവിടം ‘അജ്ഞാത’മാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന, സ്രോതസ് വെളിപ്പെടുത്താത്ത 2,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ നിരോധിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാലയളവില്‍ ഇന്ത്യയിലെ ഏഴു ദേശീയ പാര്‍ട്ടികള്‍ ചേര്‍ന്ന് 2015-16 വര്‍ഷത്തില്‍ സംഭാവനയായി സ്വീകരിച്ചത് 102 കോടി രൂപയാണ്. 20,000 രൂപയ്ക്കു മുകളിലുള്ള 1744 സംഭാവനകളില്‍നിന്നായാണു 100 കോടിയില്‍പരം രൂപ ലഭിച്ചതെന്നാണു വെളിപ്പെടുത്തല്‍.
ഇതില്‍ സിംഹഭാഗവും ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ച സംഭാവനയാണ്. അതായത്, ആകെ സംഭാവന ലഭിച്ച 102 കോടി രൂപയില്‍ 76 കോടി രൂപയും ബിജെപിക്കു മാത്രം ലഭിച്ച തുകയാണ്.
മറ്റു ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസ്, എന്‍സിപി, സിപിഐ, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയവര്‍ വെളിപ്പെടുത്തിയ തുകയുടെ മൂന്നിരട്ടിയില്‍ അധികമാണിത്.
ബിജെപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തുക സംഭാവന ലഭിച്ചതു കോണ്‍ഗ്രസിനാണ്. 918 പേരില്‍നിന്നായി 20 കോടി രൂപ. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എഡിആര്‍) ആണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനകളെക്കുറിച്ചു വിശകലനം ചെയ്ത് ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയത്.
20,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകള്‍ ലഭിച്ചാല്‍ ഇക്കാര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തണമെന്നാണു ചട്ടം.
അതേസമയം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് (2014-15), ദേശീയ പാര്‍ട്ടികള്‍ക്കു ലഭിച്ച സംഭാവനകളില്‍ 528 കോടി രൂപയുടെ കുറവുണ്ടായതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അതായത്, 84% ഇടിവ്. തങ്ങള്‍ക്കു ലഭിച്ചിരുന്ന സംഭാവനകളില്‍ 98% ഇടിവുണ്ടായതായി ശരത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപി അറിയിച്ചു. 2014-15 വര്‍ഷത്തില്‍ 38 കോടി രൂപ സംഭാവനയായി സ്വീകരിച്ച എന്‍സിപിക്കു തൊട്ടടുത്ത വര്‍ഷം ആകെ ലഭിച്ചത് 71 ലക്ഷം രൂപയാണ്.
2014-15 കാലയളവില്‍ 437 കോടി രൂപ സംഭാവനയായി സ്വീകരിച്ച ബിജെപിക്ക് ഈ വര്‍ഷം ലഭിച്ചത് 76 കോടി രൂപ മാത്രം; അതായത് 82% ഇടിവ്. നരേന്ദ്ര മോദിക്കു കീഴില്‍ കേന്ദ്രത്തില്‍ ഭരണത്തിലെത്തിയതിനു പിന്നാലെ 201314, 201415 കാലയളവില്‍ ബിജെപിക്കു ലഭിച്ചിരുന്ന സംഭാവനകളില്‍ 156% വരെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണു കുത്തനെയുള്ള ഇടിവു സംഭവിച്ചിരിക്കുന്നത്. 2013-14, 2014-15 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിനു ലഭിച്ചിരുന്ന സംഭാവനകളിലും 137% വരെ ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു.
അതേസമയം, 20,000 രൂപയ്ക്കു താഴെയുള്ള സംഭാവനകളുടെ വിശദാംശങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ആദായനികുതിയുടെ വിശദാംശങ്ങള്‍ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇനിയും തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കാത്തതിനാലാണ് ഇത്.
അതേസമയം, ഇക്കാലയളവില്‍ 20,000 രൂപയ്ക്കു മുകളിലുള്ള ഒരു സംഭാവന പോലും സ്വീകരിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി നേതൃത്വം നല്‍കുന്ന ബഹുജന്‍ സമാജ്‌വാദി (ബിഎസ്പി) പാര്‍ട്ടി തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി ഇത്രയും വലിയ തുകകള്‍ സംഭാവനയായി ലഭിക്കുന്നില്ലെന്നാണു ബിഎസ്പി അറിയിച്ചത്.