ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി നേടിയത് 743 കോടി; മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിച്ചതിന്റെ മൂന്നിരട്ടി

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്ക് 743 കോടി രൂപ സംഭാവന ഇനത്തില്‍ ലഭിച്ചതായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സത്യവാങ്മൂലം നല്‍കി പാര്‍ട്ടി. ഒക്ടോബര്‍ 31ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബിജെപി ഇക്കാര്യം വിശദമാക്കിയത്. മറ്റ് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിന്റെ മൂന്നിരട്ടി തുകയാണ് ഇവര്‍ക്ക് ലഭിച്ചതെന്നാണ് കണക്ക്. ബിജെപിക്ക് 16 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ സംഭാവനയും ഇക്കുറിയാണ്.

20,000 രൂപയില്‍ കൂടുതല്‍ ലഭിക്കുന്ന എല്ലാ സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് ഇന്ത്യയിലെ രാഷ്ട്രീയ ഫണ്ടിംഗ് നിയമം. കമ്പനികള്‍, വ്യക്തികള്‍, ഇലക്ടറല്‍ ട്രസ്റ്റുകള്‍ തുടങ്ങിയവയില്‍ നിന്ന് ലഭിക്കുന്ന ഈ വന്‍ സംഭാവനകള്‍ കോര്‍പറേറ്റ് പൊളിറ്റിക്കല്‍ ഫണ്ടിംഗ് വിഭാഗത്തിലാണ് വരുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിക്കുന്ന സംഭാവന ഇതില്‍ പെടില്ല. സംഭാവന നല്‍കുന്ന ആളുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുമില്ല.

743 കോടിയാണ് ബിജെപിക്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റ് ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ മൂന്നിരട്ടിയാണ് ഈ തുക. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന് 147 കോടി രൂപയാണ് സംഭാവന കിട്ടിയത്. ബിജെപിക്ക് ഏറ്റവും കൂടുതല്‍ തുക നല്‍കിയത് പ്രൊഗ്രസീസ് ഇലക്ടറല്‍ ട്രസ്റ്റാണ്, 357 കോടി രൂപ. കോണ്‍ഗ്രസ് ലഭിച്ച 147 കോടിയും അവര്‍ക്ക് 16 വര്‍ഷത്തിനിടെ ലഭിച്ച വന്‍തുകയാണ്.

അതേസമയം ദേശീയ പാര്‍ട്ടികളില്‍ ബിജെപിയും, കോണ്‍ഗ്രസിനും പുറമെ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് സംഭാവന വെളിപ്പെടുത്തിയത്. മറ്റ് പാര്‍ട്ടികളൊന്നും തങ്ങളുടെ വരവ് ചെലവ് കണക്ക് വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. സംഭാവന ഇനത്തില്‍ ലഭിക്കുന്ന തുകയേക്കാള്‍ കൂടുതലാണ് പാര്‍ട്ടികളുടെ ആകെ വരുമാനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Top