വിദ്യാര്‍ഥിയുടെ അറസ്റ്റ്; തമിഴ്‌നാട് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടി അപലപനീയമെന്ന് സ്റ്റാലിന്‍

ചെന്നൈ: ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയില്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ഗവേഷക വിദ്യാര്‍ഥിനിയെ പിന്തുണച്ച് ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍.

കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിച്ച വ്യക്തിക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടി അപലപനീയമാണെന്നും വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ വിട്ടയക്കണമെന്നുമാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ എത്ര ലക്ഷങ്ങളെ ജയിലിലാക്കാന്‍ കഴിയുമെന്നും സ്റ്റാലിന്‍ ചോദിച്ചു.

ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനാണ് യുവ എഴുത്തുകാരിയും ഗവേഷണ വിദ്യാര്‍ഥിനിയുമായ സോഫിയ ലോയിസിനെ അറസ്റ്റ് ചെയ്തത്. തൂത്തുക്കുടി വിമാനത്താവളത്തില്‍ വെച്ച് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ കേള്‍ക്കെ, ബിജെപിയുടെ ഫാസിസ ഭരണം തുലയട്ടെ എന്നു മുദ്രാവാക്യം വിളിച്ചതിനാണു സോഫിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വിമാനത്തില്‍ യാത്ര ചെയ്യവെ, തമിഴിസൈ സൗന്ദര്‍രാജനും ലോയിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പ്രതികൂലിച്ചായിരുന്നു സോഫിയ സംസാരിച്ചത്. തുടര്‍ന്ന്, വിമാനത്താവളത്തില്‍ വച്ച്, ഫാസിസം തുലയട്ടെ എന്ന മുദ്രാവാക്യവും മുഴക്കി.

മാപ്പുപറയണമെന്ന് തമിഴിസൈ ആവശ്യപ്പെട്ടെങ്കിലും ലോയിസ് വഴങ്ങിയില്ല. തുടര്‍ന്നാണ്, ലോയിസിന് തീവ്രവാദബന്ധമുണ്ടെന്ന് കാണിച്ച്, ബിജെപി പരാതി നല്‍കിയത്.

Top