ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ വിവാദവാഗ്ദാനവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ജി. കിഷന്‍ റെഡ്ഡി. മുസ്ലിങ്ങള്‍ക്കുള്ള സംവരണം എടുത്ത് കളയുമെന്നും ഈ സംവരണം പിന്നാക്ക ജാതിക്കാര്‍ക്ക് നല്‍കുമെന്നുമാണ് തെലങ്കാന ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രിയുമായ ജി. കിഷന്‍ റെഡ്ഡി പ്രഖ്യാപിച്ചത്. തെലങ്കാനയിലെ ഭരണകക്ഷിയായ ബി.ആര്‍.എസ്. ഉള്‍പ്പെടെ വിവിധ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു റെഡ്ഡിയുടെ വിവാദ പ്രസ്താവന.
‘തെലങ്കാനയിലെ 50 സീറ്റുകള്‍ പിന്നാക്കവിഭാഗക്കാര്‍ക്കായി സംവരണം ചെയ്തതാണ്. ഇതില്‍ 37 സീറ്റുകളും അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന്റെ കൈവശമാണുള്ളത്. ന്യൂനപക്ഷ സംവരണത്തിന്റെ പേരില്‍ പിന്നാക്ക വിഭാഗക്കാര്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ ഈ ന്യൂനപക്ഷ സംവരണം എടുത്ത് കളയും’, കിഷന്‍ റെഡ്ഡി പറഞ്ഞു.
മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെയും കിഷന്‍ റെഡ്ഡി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. ദളിത് നേതാവിനെ തെലങ്കാന മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ചന്ദ്രശേഖര റാവു പാലിച്ചില്ല. ഒരു വനിതയെ പോലും മന്ത്രിയാക്കാന്‍ ബി.ആര്‍.എസിന് കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസ് പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണ സീറ്റുകള്‍ നല്‍കിയില്ല. പിന്നാക്കക്കാരുടെ സംവരണം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് എ.ഐ.എം.ഐ.എമ്മുമായി കൈകാര്‍ത്തു. ബി.ആര്‍.എസ്സും കോണ്‍ഗ്രസും എ.ഐ.എം.ഐ.എമ്മിന്റെ കൈപ്പിടിയിലാണെന്നും റെഡ്ഡി പറഞ്ഞു.
‘പഴയ നഗരങ്ങളിലേക്ക് പോകാനോ വൈദ്യുതി ബില്‍ തുക ശേഖരിക്കാനോ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്. അവര്‍ ആക്രമിക്കപ്പെടുകയാണ്. ഞങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഇത് അനുവദിക്കില്ല. അക്രമികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മാതൃകയില്‍ ബുള്‍ഡോസര്‍ പ്രയോഗിക്കും’, കിഷന്‍ റെഡ്ഡി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുമുണ്ട്.
വെള്ളിയാഴ്ച മുതല്‍ ബി.ജെ.പി. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, വിവിധ കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയ താരപ്രചാരകര്‍ സംസ്ഥാനത്തെത്തുമെന്ന് കിഷന്‍ റെഡ്ഡി അറിയിച്ചു.