തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ പിന്നാലെ മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനേയും സുല്‍ത്താന്‍ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനേയും ബിജെപിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഇരു നേതാക്കള്‍ക്കും എതിരെയുള്ള നടപടി.
സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണ്. പുതിയ നേതൃത്വം ജീവിത മാര്‍ഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ്. തിരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി ഉപയോഗിക്കുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നില്‍ പാര്‍ട്ടി കേരളത്തില്‍ വളരില്ലെന്നും നസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനെ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു.
നേരത്തെ, തിരഞ്ഞെടുപ്പ് ഫണ്ടില്‍ അഴിമതി നടത്തിയെന്ന് ആരോപണമുള്ള ആളെ പുതിയ ജില്ലാ പ്രസിഡന്റായി നിയമിച്ചതിനെച്ചൊല്ലി വയനാട് ബി.ജെ.പിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റിയും ബി.ജെ.പി. യുടെ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയും പിരിച്ചുവിട്ട് നേതാക്കള്‍ രാജിക്കത്ത് നല്‍കി. ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിന്റെ നേതൃത്വത്തിലായിരുന്നു നേതാക്കളുടെ കൂട്ടരാജി. ഇവര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സംസ്ഥാന നേതൃത്വം നടപടി എടുത്തിരിക്കുന്നത്.