ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളുള്ള നേതാക്കള്‍ ഉള്‍പ്പെട്ട പാര്‍ട്ടികളില്‍ ബിജെപിക്ക് ഒന്നാം സ്ഥാനം.
രാജ്യത്തെ എംഎല്‍എമാരില്‍ 48 പേരും എംപിമാരില്‍ 3 പേരും സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ കുറ്റാരോപിതരെന്നും സര്‍വെ റിപ്പോര്‍ട്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മഹാരാഷ്ട്രയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ജനപ്രതിനിധികള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ ഉള്‍പെട്ടിട്ടുള്ളത്.
പീഢനം, തട്ടിക്കൊണ്ട് പോകല്‍, നിര്‍ബന്ധിത വിവാഹം, ലൈംഗിക ചുവയുള്ള പെരുമാറ്റം തുടങിയ കേസുകളിലാണ് അധിക പേരും ഉള്‍പ്പെട്ടിട്ടുള്ളത്.
ഇതില്‍, പാര്‍ട്ടി തിരിച്ചുള്ള കണക്കുകളില്‍ ബിജെപിക്കാണ് മേല്‍ക്കൈ, സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകളില്‍ ഉള്‍പ്പെട്ട 14 ജനപ്രതിനിധികള്‍ ബിജെപിക്കാരാണ്.
ശിവസേനയുടെ 7 ഉം ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ 6 ഉം ജനപ്രതിനിധികള്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.
4896 തിരഞ്ഞെടുപ്പ് സത്യവാഹ്മൂലങ്ങളില്‍ 4852 എണ്ണമാണ് സര്‍വെയുടെ ഭാഗമായി പരിശോധിച്ചത്. 1581 എണ്ണത്തില്‍ ക്രിമിനല്‍കേസുകള്‍ ഉള്ളതായും പറയുന്നുണ്ട്.
334 പേര്‍ക്ക് പ്രമുഖ ദേശീയ പാര്‍ട്ടികള്‍ സീറ്റ് നല്‍കിയതും കേസുകളുണ്ടെന്ന് വെളുപ്പെടുത്തിയ ശേഷമാണെന്നും സര്‍വെ റിപ്പോര്‍ട്ടില്‍ പറയുന്നു.
40 പേര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലും 294 പേര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലുമാണ് സീറ്റുകള്‍ ലഭിച്ചത്.
ബിജെപി 48ഉം ബിഎസ്പി 36ഉം കോണ്‍ഗ്രസ് 27ഉം പേര്‍ക്കാണ് സീറ്റ് നല്‍കിയത്. ലോക് സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ മത്സരിച്ച 122 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും സ്ത്രീകള്‍ക്ക് എതിരായ അതിക്രമ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്.
കേസുകളുള്ള ജനപ്രതിനിധികള്‍ ഉള്ള സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. 65 പേര്‍ ബീഹാറും പശ്ചിമ ബംഗാളുമാണ് തൊട്ട് പിന്നിലുള്ളത്. തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസാണ് സര്‍വെ സംഘടിപ്പിച്ചത്.
നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെ കണക്കുകളും ഉള്‍പ്പെടുത്തിയാണ് സര്‍വെ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.