കണ്ണൂര്‍: ബിജെപി വിദ്വേഷ പ്രകടനം നടത്തിയ തലശ്ശേരിയില്‍ പ്രതിഷേധം ശക്തമായതോടെ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നാലുദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ ആറാം തീയ്യതി വരെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും പ്രകടനങ്ങളും നിരോധിച്ചു.
യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ് വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. അഞ്ച് നേരം നമസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല തുടങ്ങിയവയായിരുന്നു റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍.
ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച റാലി പുതിയ ബസ്‌സ്റ്റാന്‍ഡിലെ പൊതുസമ്മേളന വേദിക്കരികിലാണ് സമാപിച്ചത്. ഇതിന് മറുപടിയായി ഡി.വൈ.എഫ്.ഐ, യൂത്ത്ലീഗ്, കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ സംഘടനകള്‍ ബി.ജെ.പി വിരുദ്ധ പ്രകടനവും പരിപാടികളും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു.
ഈ പ്രതിഷേധങ്ങള്‍ക്കെതിരെ വെള്ളിയാഴ്ച വൈകീട്ട് വീണ്ടും പ്രകടനം നടത്താന്‍ ബി.ജെ.പി ഒരുങ്ങുന്നതിനിടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.