ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് കേരളത്തില്‍ പ്രസക്തിയേറുന്നു; ബി ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ ഹിന്ദു അജണ്ടയുമായി ഇറങ്ങിയിരിക്കുന്നത് ഹിന്ദുക്കള്‍ ഗൗരവമായി കാണണമെന്ന് ബി.ജെ.പി. വക്താവ് ബി ഗോപാലകൃഷ്ണന്‍. കേരളം ഹിന്ദു അജണ്ടയിലേക്ക് വഴിമാറുന്നത് സ്വാഗതാര്‍ഹമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഉയര്‍ത്തി കൊണ്ടുവന്ന അജണ്ടകള്‍ ഇടത്-വലത് മുന്നണികള്‍ ഏറ്റുപിടിച്ചതോടെ കേരളത്തിലെ ബി.ജെ.പിയുടെ രാഷ്ട്രീയം കൂടുതല്‍ പ്രസക്തി നേടുകയാണ്. ബി.ജെ.പി. അജണ്ട നിറഞ്ഞ ചൂണ്ടയിലാണ് ഇടത്-വലത് മുന്നണികള്‍ കൊത്തിയത്. ഇതോടെ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രസക്തി കേരളത്തില്‍ കൂടിയിരിക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ഇന്ന് പാണക്കാട് സന്ദര്‍ശനത്തെ പോലും സി.പി.എം. ലീഗിന്റെ വര്‍ഗ്ഗീയത ഉയര്‍ത്തി വിമര്‍ശിക്കുന്നു. യു.ഡി.എഫ് ആകട്ടെ ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഈ മാറ്റത്തിന്റെ പിന്നില്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഹിന്ദു രാഷ്ട്രീയമാണ്. കേരളത്തില്‍ വര്‍ദ്ധിച്ച് വരുന്ന ഹിന്ദു രാഷ്ട്രീയതയെ കൈപ്പിടിയിലാക്കാനുള്ള ഇടത്-വലത് മുന്നണികളുടെ ശ്രമം മറ്റൊരു തട്ടിപ്പാണ്. കേരള രാഷ്ട്രീയത്തില്‍ ബി.ജെ.പി. നേടുന്ന സ്വീകാര്യതയാണ് ഇതിന് കാരണം. വിശ്വാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ മണ്ണുംചാരി നിന്ന് 2019-ല്‍ വോട്ടു കൊണ്ടുപോയി തട്ടിപ്പ് കാട്ടാതെ ഹിന്ദു വിശ്വാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ തയ്യാറണെന്ന് യു.ഡി.എഫ്. തുറന്നുപറയമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

 

Top