bjp in confidents to face assembly election; kejeriwal to surprise…

ന്യൂഡല്‍ഹി:ദേശീയ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ആത്മവിശ്വാസത്തോടെ ബിജെപി.

വിവിധ സംസ്ഥാനങ്ങളില്‍ അടുത്തയിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ നേടിയ വിജയമാണ് ആത്മവിശ്വാസത്തിന് കാരണം.

നോട്ട് പ്രതിസന്ധികള്‍ക്കിടയിലും ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ മുന്നേറ്റം നടത്തുമെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല തന്നെ ബിജെപി നല്‍കിയിട്ടുണ്ട്. ഏറ്റവും നിര്‍ണ്ണായക സംസ്ഥാനമായ യുപി തൂത്ത് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സമാജ് വാദി പാര്‍ട്ടിയിലെ സംഭവ വികാസങ്ങളാണ് ബിജെപിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ കാരണമായത്. ഇനി അച്ഛനും മകനും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടാലും പ്രശ്‌നമില്ലന്നാണ് യുപി ഘടകം നേതാക്കളും ചൂണ്ടി കാട്ടുന്നത്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ചരിത്രം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ പ്രയത്‌നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് യുപിയിലെ സംഘ് പരിവാര്‍ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വിഎച്ച്പിയോട് ശക്തമായി രംഗത്തിറങ്ങാന്‍ ആര്‍എസ്എസ് നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് പുറമെ യുപി ഭരണം ഒറ്റക്ക് പിടിക്കുമെന്ന് അവകാശപ്പെടുന്ന മറ്റൊരു പാര്‍ട്ടി മായാവതിയുടെ ബിഎസ്പിയാണ്.

സമാജ് വാദി പാര്‍ട്ടിയുടെ ഊഴം കഴിഞ്ഞാല്‍ ബി എസ് പിക്കാണ് പിന്നെ അവസരമെന്നാണ് മായാവതി പറയുന്നത്. അടുത്തയിടെ ഉണ്ടായ ജാതീയ സംഘര്‍ഷങ്ങള്‍ വോട്ടാകുമെന്ന പ്രതിക്ഷയിലാണ് ഈ കണക്ക് കൂട്ടലുകള്‍.

കോണ്‍ഗ്രസ്സ് ആവട്ടെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യത്തിലാകാമെന്ന പ്രതീക്ഷയിലാണ്.

മുലായം സിങ്ങ് യാദവും അഖിലേഷ് യാദവും തമ്മില്‍ യോജിച്ചില്ലങ്കില്‍ ഇവിടെ സഖ്യ സാധ്യത കൂടുതലുമാണ്.

രാജ്യത്ത് ഏറ്റവും അധികം എം എല്‍ എ മാരെയും എംപിമാരെയും സൃഷ്ടിക്കുന്ന സംസ്ഥാനമായതിനാല്‍ എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും ഉറ്റുനോക്കുന്നത് യുപി ഫലത്തെയാണ്.

യു പി പിടിക്കുന്നവര്‍ക്ക് ഇന്ത്യ പിടിക്കാം എന്നതാണ് കണക്ക്കൂട്ടല്‍ .82 ലോക്‌സഭാംഗങ്ങളാണ് ഇവിടെ നിന്ന് മാത്രം ഉള്ളത്.

തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ് ,ഗോവ സംസ്ഥാനങ്ങളില്‍ ശക്തമായ ആം ആദ്മി പാര്‍ട്ടിയുടെ സാനിധ്യം ബി ജെ പിയുടെയും കോണ്‍ഗ്രസ്സിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കുമോ എന്നതും ഈ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്.

പഞ്ചാബില്‍ നിലവിലുള്ള അകാലിദള്‍ ബി ജെ പി സഖ്യം തന്നെയാണ് ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്നത്.ഗോവയില്‍ കോണ്‍ഗ്രസ്സിന്റെ വോട്ടുകളാണ് ആം ആദ്മി പിടിക്കുക എന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കന്നി അങ്കത്തില്‍ തന്നെ പഞ്ചാബില്‍ നിന്ന് നാല് എം പിമാരെ വിജയിപ്പിക്കാന്‍ അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു.

ഗോവയില്‍ മുന്‍ ഐപിഎസ് ഓഫീസര്‍ എല്‍വിസ് ഗോമസിനെ മുന്‍നിര്‍ത്തിയാണ് ആം ആദ്മി പാര്‍ട്ടിയുടെ നീക്കങ്ങള്‍. തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സര്‍ക്കാര്‍ കുരുക്കാന്‍ ശ്രമിച്ചതില്‍ നിന്നു തന്നെ ബിജെപിയുടെ ഭയപ്പാട് വ്യക്തമാണെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ പരിഹാസം.

ഈ മൂന്ന് സംസ്ഥാനങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് ഇപ്പോള്‍ അരങ്ങൊരിങ്ങിയിരിക്കുന്നത്. യുപിയില്‍ ത്രികോണ മത്സരത്തിനപ്പുറം ചതിഷ്‌ക്കോണ മത്സരമാണ് പൊടിപാറുക. മണിപ്പൂരില്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ സമര നായിക ഇറോം ശര്‍മിള തെറ്റിക്കുമോ എന്നതും ശക്തമായി ഉയരുന്ന ചോദ്യമാണ്.ഇവരുടെ അപ്രതീക്ഷിതമായ രാഷ്ട്രീയ പ്രവേശനം രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചിട്ടുണ്ട്

ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തിലൂടെ വീണ്ടും സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സ് .ബി ജെ പിയും ഇവിടെ തികഞ്ഞ പ്രതീക്ഷയിലാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ചുരുങ്ങിയത് മൂന്നെണ്ണത്തിലെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ അത് കേന്ദ്ര സര്‍ക്കാറിനും മോദിക്കും വലിയ വെല്ലുവിളിയാകും.
മറിച്ചാണെങ്കില്‍ കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ച എന്ന ബി ജെ പി സ്വപ്നത്തിന് പുതിയ ചിറകാകും.

Top