ഓപ്പറേഷൻ ലോട്ടസുമായി ജാർഖണ്ഡിലും ബിജെപി; ആരോപണവുമായി മഹാസഖ്യം

റാഞ്ചി: മഹാരാഷ്ട്രയിലെയും ബിഹാറിലെയും അപ്രതീക്ഷിത സ‍ർക്കാർ മാറ്റത്തിന് പിന്നാലെ ജാർഖണ്ഡിലും രാഷ്ട്രീയ അട്ടിമറിക്ക് നീക്കമെന്ന് ആരോപണം. ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നീക്കമെന്ന ആരോപണവുമായി മഹാസഖ്യ നേതാക്കളാണ് രംഗത്തെത്തിയത്. ഇതോടെ ജാർഖണ്ഡിലെ രാഷ്ട്രീയ സാഹചര്യം രാജ്യത്ത് ചർച്ച ആയിരിക്കുകയാണ്. ആരോപണത്തിന് പിന്നാലെ ജെ എം എം – കോൺഗ്രസ് നേതൃയോഗങ്ങളും അടിയന്തരമായി വിളിച്ചു ചേർക്കും. മുഴുവൻ എം എൽ എമാരോടും ഇതിനകം റാഞ്ചിയിലെത്താൻ നേതൃത്വം നിർദ്ദേശം നൽകിക്കഴിഞ്ഞു.

പാർട്ടി യോഗങ്ങൾക്ക് പിന്നാലെ മഹാസഖ്യ മുന്നണി യോഗവും ചേരും. ജാർഖണ്ഡിൽ നിന്നുള്ള മൂന്ന് എം എൽ എ മാർ ബംഗാളിൽ നിന്ന് പണവുമായി പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പറേഷൻ ലോട്ടസ് ആരോപണം കോൺഗ്രസ് ഉന്നയിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലാണ് ബി ജെ പി നീക്കങ്ങൾ. ഇത് ശക്തമാക്കിയെന്ന സൂചന കിട്ടിയതോടെയാണ് പ്രതിരോധിക്കാനുള്ള കോൺഗ്രസിന്‍റെ ശ്രമം. ഹേമന്ത് സോറന്‍ സർക്കാരിനെ എങ്ങനെയും നിലനിർത്താനുള്ള ശ്രമത്തിലാണ് മഹാസഖ്യം.

Top