രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, രാജസ്ഥാനിൽ എത്തും മുൻപ് തന്നെ അവിടെ കോൺഗ്രസ്സിൽ വൻ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ പരസ്യ വിമർശനവുമായി വീണ്ടും സച്ചിൻ പൈലറ്റ് രംഗത്ത് വന്നത് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തെയാണ് വെട്ടിലാക്കിയിരിക്കുന്നത്. പാർട്ടി നേതൃത്വത്തിനെതിരെ കലാപമുണ്ടാക്കിയവർക്കെതിരെ നടപടി വേണമെന്നതാണ് സച്ചിൻ പൈലറ്റിന്റെ ആവശ്യം. സർക്കാറിനെ അപകടത്തിലാക്കിയ എം.എൽ.എമാർക്കെതിരെ നടപടി വേണം എന്ന കാര്യത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്. രാജസ്ഥാൻ വിഷയത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ സമയമായെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
“പാർട്ടിയിൽ എല്ലാവർക്കും ഒരേ നിയമമാണെന്നും എത്രത്തോളം സീനിയറാണെന്നതിന് പ്രസക്തിയില്ലന്നും” പറഞ്ഞ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയും സച്ചിൻ കടന്നാക്രമിച്ചിട്ടുണ്ട്.
രാജസ്ഥാനില്‍ നടന്ന സര്‍ക്കാര്‍ പരിപാടിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെഹ്‌ലോട്ടിനെ മുതിര്‍ന്ന മുഖ്യമന്ത്രിയെന്ന് പുകഴ്ത്തിയത് കൗതുകകരമാണെന്നും ഈ അഭിനന്ദനത്തെ നിസ്സാരമായി കാണാനാകില്ലന്നും പറഞ്ഞ സച്ചിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുലാം നബി ആസാദിനെ അഭിനന്ദിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ഉയർത്തിയിരിക്കുന്നത്. രാജസ്ഥാനിലെ വിഷയത്തിൽ കോൺഗ്രസ്സ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉചിതമായ നടപടിയെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഉടൻ തീരുമാനമെടുക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തന്നോട് പറഞ്ഞതായും ഇതോടൊപ്പം സച്ചിൻ പൈലറ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അശോക് ഗെഹ്‌ലോട്ടും മറു തന്ത്രങ്ങൾ ഒരുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. ഗെഹ്ലോട്ടിന് ഒപ്പമുള്ളവർക്കെതിരെ നടപടി സ്വീകരിച്ചാൽ സർക്കാറിനെ വീഴ്ത്തി ബി.ജെ.പിക്ക് ഒപ്പം ചേർന്ന് സർക്കാർ ഉണ്ടാക്കാനും അദ്ദേഹം മടിക്കില്ലന്നാണ് പുറത്തു വരുന്ന വിവരം. ഈ ആശങ്ക കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനും ഉണ്ട്. “പ്രധാനമന്ത്രിക്ക് ആഗോള ബഹുമാനം ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ് ” മോദിയെ പുകഴ്ത്തി അശോക് ഗെഹ്ലോട്ട് രംഗത്ത് വന്നതും കോൺഗ്രസ്സിനുള്ള വ്യക്തമായ മുന്നറിയിപ്പാണ്. തൊട്ടാൽ സർക്കാറിനെ വീഴ്ത്തുമെന്നതു തന്നെയാണ് ആ മുന്നറിയിപ്പ്.
മുൻപ് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമായതെങ്കിൽ ഇത്തവണ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറിയ ഗെഹ്‌ലോട്ടിന്റെ നടപടിയാണ് രാജസ്ഥാനിൽ ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്. തന്റെ പിൻഗാമിയായി സച്ചിൻ പൈലറ്റ് വരാൻ പാടില്ലന്ന വാശിയിൽ മുഖ്യമന്ത്രി നേരിട്ട് നടത്തിയ ഇടപെടലാണ് എം.എൽ.എമാർ ഹൈക്കമാന്റിനെ ധിക്കരിക്കുന്നതിൽ കലാശിച്ചിരുന്നത്. ഈ പൊട്ടിത്തെറിക്ക് ഒടുവിൽ ഗെഹ്ലോട്ടിനെ തന്നെ മുഖ്യമന്ത്രിയായി തുടരാൻ കോൺഗ്രസ്സ് ദേശീയ നേതൃത്വം അനുവദിക്കുകയാണ് ഉണ്ടായത്.
എന്നാൽ ഈ സംഭവം നെഹറു കുടുംബത്തിൽ അശോക് ഗെഹ്ലോട്ടിന് ഉണ്ടായിരുന്ന സ്വാധീനമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ഗെഹ്ലോട്ട് പക്ഷത്തെ ഒതുക്കാൻ ഹൈക്കമാന്റ് അനുമതിയോടെയാണ് സച്ചിൻ പൈലറ്റ് ഇപ്പോൾ കരുക്കൾ നീക്കുന്നത്. ഭരണം പോയാലും വേണ്ടില്ല ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന വാശിയാണ് സച്ചിൻ പൈലറ്റിനുള്ളത്. കലാപക്കൊടി ഉയർത്തിയ ഗെഹ്ലോട്ട് വിഭാഗം എം.എൽ.എ മാരിൽ ചിലർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ സച്ചിൻ പൈലറ്റും ഹൈക്കമാന്റിനെതിരെ തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടെ ‘ചെകുത്താനും കടലിനും ഇടയിൽപ്പെട്ട’ അവസ്ഥയിലാണിപ്പോൾ നെഹറു കുടുംബവും ഉള്ളത്. രാഹുൽ ഗാന്ധിയുടെ ഭാരത യാത്ര അവസാനിക്കും മുൻപ് തന്നെ രാജസ്ഥാനിൽ സർക്കാർ വീണാൽ അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് കോൺഗ്രസ്സിന് ഉണ്ടാക്കുക.
അതേസമയം ഇത്തരം ഒരവസരത്തിനു വേണ്ടിയാണ് … ബി.ജെ.പിയും നിലവിൽ കാത്തു നിൽക്കുന്നത്. ഗെഹ്ലോട്ടായാലും സച്ചിൻ പൈലറ്റായാലും, ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കാവി പാളയത്തിൽ എത്തുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. രണ്ടിൽ ആരെ ലഭിച്ചാലും അത് ഉപയോഗപ്പെടുത്താൻ തന്നെയാണ് ബി.ജെ.പി നീക്കം. രാജസ്ഥാൻ ഭരണം കൂടി നിലം പൊത്തിയാൽ രാജ്യത്ത് ഛത്തീസ്ഗഡ് സംസ്ഥാനത്ത് മാത്രമായാണ് പിന്നെ കോൺഗ്രസ്സ് ഭരണം അവശേഷിക്കുക. ഒരു സംസ്ഥാനത്ത് മാത്രമാണ് ഭരണമെന്ന് പറഞ്ഞ് സി.പി.എമ്മിനെ കളിയാക്കുന്ന കോൺഗ്രസ്സുകാർക്ക് രാജസ്ഥാൻ കൂടി വീണാൽ പിന്നെ സ്വയം പരിഹാസം ഏറ്റുവാങ്ങേണ്ട സാഹചര്യമാണ് ഉണ്ടാകുക. രാജസ്ഥാനിലെ കലഹത്തിലൂടെ അതിനുള്ള സാധ്യത കൂടിയാണിപ്പോൾ വർദ്ധിച്ചിരിക്കുന്നത്.
EXPRESS KERALA VIEW