രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ സംബന്ധിച്ച് 2024 – ൽ നടക്കാൻ പോകുന്നത് ജീവൻമരണ പോരാട്ടമാണ്. മൂന്നാം തവണയും മോദി സർക്കാർ അധികാരത്തിൽ വന്നാൽ പിന്നെ ഒരിക്കലും ഈ രൂപത്തിൽ പ്രതിപക്ഷ പാർട്ടികൾ കാണുകയില്ല. അത്തരമൊരു സാഹചര്യത്തിൽ ഏറ്റവും അധികം പ്രഹരം ഏൽക്കേണ്ടി വരുന്നത് കോൺഗ്രസ്സിനു തന്നെയായിരിക്കും. അധികാരമില്ലാത്ത കോൺഗ്രസ്സിനെ പല കഷ്ണങ്ങളായി പകുത്ത് എൻ.ഡി.എയുടെ ഭാഗമാക്കാൻ ബി.ജെ.പിക്ക് നിഷ്പ്രയാസം സാധിക്കും. മറ്റു പ്രതിപക്ഷ പാർട്ടികളുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റ കക്ഷി ആയാൽപ്പോലും കേവല ഭൂരിപക്ഷം തികയ്ക്കാൻ കാവി പാളയത്തിലേക്ക് ആദ്യം ഓടാൻ പോകുന്നതും പ്രതിപക്ഷത്തെ അവസരവാദികൾ തന്നെയായിരിക്കും.
ഇപ്പോൾ തന്നെ, പാർലമെന്റിലെ നിർണ്ണായക വോട്ടെടുപ്പുകളിലെല്ലാം വൈ.എസ്.ആർ കോൺഗ്രസ്സ് ബിജു ജനതാദൾ പാർട്ടികളുടെ പിന്തുണ മോദി സർക്കാറിനുണ്ട്. ആന്ധ്രയും ഒറീസയും ഭരിക്കുന്ന ഈ രണ്ടു പാർട്ടികളും സ്വന്തം നിലനിൽപ്പു മാത്രം നോക്കിയാണ് നിലപാട് സ്വീകരിക്കുന്നത്. ഇങ്ങനെ വിലയിരുത്തുകയാണെങ്കിൽ ബി.ജെ.പിയോട് പ്രത്യയശാസ്ത്രപരമായ പക സൂക്ഷിക്കുന്ന ഏക വിഭാഗം ഇടതുപക്ഷം മാത്രമാണ്. കോൺഗ്രസ്സ് ബി.ജെ.പിക്ക് എതിരാണെങ്കിലും, തരംകിട്ടിയാൽ ആ പാർട്ടിയിലെ നേതാക്കൾ കാവിയണിയുമെന്നതിനാൽ കോൺഗ്രസ്സിന്റെ ബി.ജെ.പി വിരുദ്ധ നിലപാടിനെ വിശ്വാസത്തിലെടുക്കാൻ കഴിയുകയില്ല. എന്തിനേറെ വീരശൂര പരാക്രമിയായ, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സും എം.കെ സ്റ്റാലിന്റെ ഡി.എം.കെയും വരെ ഒന്നാം എൻ.ഡി.എ സർക്കാറിൽ അംഗമായിരുന്നു എന്നതും നാം ഓർക്കണം.
ബി.ജെ.പിക്ക് നേരിയ മുൻതൂക്കം ലഭിച്ചാൽ പോലും ഈ പാർട്ടികൾ ഇനിയും കളം മാറി ചവിട്ടാനുള്ള സാധ്യത അതു കൊണ്ടു തന്നെ തള്ളിക്കളയാൻ കഴിയുകയില്ല. മായാവതിയുടെ ബി.എസ്.പി, ഇതിനകം തന്നെ ബി.ജെ.പിക്കു മുന്നിൽ കീഴടങ്ങിയ അവസ്ഥയാണ് ഉള്ളത്. എൻ.സി.പിയെ പിളർത്തി പ്രബല വിഭാഗം ബി.ജെ.പിക്കൊപ്പം പോയതിനാൽ ആ പ്രതീക്ഷക്കും ഇനി അടിസ്ഥാനമില്ല. പ്രതിപക്ഷ നിരയിലെ ഈ വിള്ളലുകളിലെ സാധ്യതകളിലാണ് ബി.ജെ.പി അവരുടെ മൂന്നാംവട്ട പ്രതീക്ഷ വച്ചിരിക്കുന്നത്. മോദിക്ക് ബദൽ ഉയർത്തിക്കാട്ടാൻ ആരുണ്ട് നേതാവ് എന്ന ചോദ്യത്തിനും ഇതുവരെ മറുപടി നൽകാൻ പ്രതിപക്ഷ പാർട്ടികൾക്കു കഴിഞ്ഞിട്ടില്ല.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങി തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമെല്ലാം പ്രധാനമന്തി കസേര കൊതിക്കുന്നവരാണ്. കോൺഗ്രസ്സ് ആകട്ടെ രാഹുൽ ഗാന്ധി അതല്ലങ്കിൽ പ്രിയങ്ക ഗാന്ധി എന്ന നിലപാടിലുമാണ് ഉള്ളത്. നെഹറു കുടുംബംവിട്ട ഒരു കളിക്കും കോൺഗ്രസ്സ് ഇനിയും തയ്യാറല്ലെന്നതു വ്യക്തം. സി.പി.എം നേതൃത്വം നൽകുന്ന ഇടതുപക്ഷമാകട്ടെ ബി.ജെ.പി വരാതിരിക്കാൻ ആരെ പിന്തുണയ്ക്കാനും തയ്യാറാണെന്ന നിലപാടിലുമാണ്. ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം കണക്കിലെ കളികൾ ആയിരിക്കും രാജ്യം ആര് ഭരിക്കുമെന്നത് തീരുമാനിക്കാൻ പോകുന്നത്.
വിശാല പ്രതിപക്ഷ സഖ്യത്തിന് പ്രാദേശിക തലം മുതൽ തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കി മത്സരിക്കാൻ സാധിച്ചില്ലങ്കിൽ ബി.ജെ.പിക്കാണ് കാര്യങ്ങൾ എളുപ്പമാകുക. കോൺഗ്രസ്സ് മുക്ത ഭാരതമെന്ന ബി.ജെ.പി. സ്വപ്നത്തിനും അതോടെ വേഗതയേറും. ഇതുവരെ കാണാത്ത ഒരു മുഖമായിരിക്കും മൂന്നാം തവണയും അധികാരത്തിൽ വന്നാൽ മോദിയിൽ നിന്നും ദൃശ്യമാകുക. മതനിരപേക്ഷ മനസ്സുകൾ ഭയക്കുന്ന പല നിയമങ്ങളും അതോടെ നടപ്പാക്കപ്പെടും. ഇതെല്ലാം മുൻകൂട്ടി അറിയാവുന്നതു കൊണ്ടാണ് അവസാനത്തെ അവസരമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് ഇടതുപക്ഷം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
സി.പി.എം ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റു പാർട്ടികൾ മോദിക്ക് മൂന്നാം ഊഴം ലഭിച്ചാലും ഇവിടെയൊക്കെ തന്നെ കാണും. നിരോധിച്ചിട്ടു പോലും ഇല്ലാതാക്കാൻ പറ്റാത്ത സംവിധാനമാണ്. കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അധികാരം അവർക്ക് ലക്ഷ്യത്തിൽ എത്താനുള്ള ഒരു മാർഗ്ഗം മാത്രമാണ്. എന്നാൽ, കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മറ്റു ബൂർഷ്വാ പാർട്ടികളുടെ അവസ്ഥ അതല്ല. അധികാരത്തെ ജീവവായുവായി കാണുന്ന ഈ പാർട്ടികൾക്കൊന്നും ഇനിയും അത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുകയില്ല. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും ആത്മാർത്ഥമായ ഇടപെലുകൾ ഉണ്ടായാൽ മാത്രമേ, മോദിയുടെ തേരിനെ പ്രതിപക്ഷ സഖ്യത്തിന് തടഞ്ഞു നിർത്താൻ സാധിക്കുകയൊള്ളൂ.
38 പാർട്ടികൾ ഉൾപ്പെടുന്ന എൻഡിഎക്ക് നിലവിൽ 45% വോട്ടും 329 സീറ്റുകളുമുണ്ട്. അതേസമയം INDIA എന്നു പേരിട്ടിരിക്കുന്ന പ്രതിപക്ഷ സഖ്യത്തിലെ 26 പാർട്ടികൾക്കും കൂടി 38.78.% വോട്ടും 157 സീറ്റുകളുമാണ് കണക്കുകൾ വച്ച് പരിശോധിക്കുമ്പോൾ കാണാൻ കഴിയുക. എൻഡിഎ കൂടുതലായി ബിജെപിയെ ആശ്രയിക്കുന്നു എന്നതാണ് അവരുടെ കരുത്ത്. എൻ.ഡി.എ മുന്നണിയിൽ 301 സീറ്റുകളും ,38% വോട്ടുകളും ബിജെപിയുടെ മാത്രം സംഭാവനയാണ്. ചുരുക്കി പറഞ്ഞാൽ ബിജെപിയെ മാറ്റിനിർത്തിയാൽ കേവലം 28 സീറ്റും 7% വോട്ടും മാത്രമുള്ള ഒരു മുന്നണിയാണ് എൻ.ഡി.എ. ഈ സഖ്യത്തിലേക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വൈ.എസ്.ആർ കോൺഗ്രസ്സും ബിജു ജനതാദളും കടന്നുവരാൻ എല്ലാ സാധ്യതയുമുണ്ട്.
എൻഡിഎ സഖ്യം നിലവിൽ 12 സംസ്ഥാനങ്ങളാണ് ഭരിക്കുന്നത്. ഇവിടുത്തെ മുഴുവൻ ലോക്സഭാ സീറ്റുകളുടെയും കണക്കെടുത്താൽ 219 സീറ്റുകൾ വരും. പ്രതിപക്ഷ മുന്നണി ഭരിക്കുന്ന 11 സംസ്ഥാനങ്ങളുടെ മുഴുവൻ ലോക്സഭാ സീറ്റുകളുടെ എണ്ണമെടുത്താൽ അത് 243ആണ്. ഈ സംസ്ഥാനങ്ങളിൽ ബിജെപിയെ നിലംതൊടാൻ കഴിയാത്ത വിധം തോല്പിക്കാനായൽ മാത്രമേ പ്രതിപക്ഷത്തിനു പ്രതീക്ഷയ്ക്ക് വകയൊള്ളു. കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും തകർപ്പൻ വിജയം നേടിയതു പോലും ബി.ജെ.പിയാണ് എന്നതും പ്രതിപക്ഷ മഹാസഖ്യം ഓർക്കേണ്ടതുണ്ട്. അതായത് സംസ്ഥാന ഭരണത്തിന്റെ കണക്കുകൾ നിരത്തി മാത്രം കണക്കു കൂട്ടിയാൽ എല്ലാം പാളിപ്പോകാനാണ് സാധ്യത.
20% വോട്ട് ഉണ്ടായിരുന്ന കോൺഗ്രസ്സിന്റെ വോട്ടുകൾ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോക്ക് ശേഷം 29% ആയി ഉയർന്നേക്കാമെന്നാണ് ലോക്നീതി സി.എസ്.ഡി.എസ്സും എൻഡിടിവിയും ചേർന്ന് നടത്തിയ അഭിപ്രായ സർവ്വേ ഫലങ്ങളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ കണക്ക് കോൺഗ്രസ്സിനു പ്രതീക്ഷ നൽകുന്നതാണെങ്കിലും കേരളത്തിൽ 15 സീറ്റുകൾ ഒറ്റയ്ക്കു നേടിയ കോൺഗ്രസ്സിന് ഇത്തവണ അവിടെ എത്ര സീറ്റുകളിൽ വിജയിക്കാൻ കഴിയുമെന്നതു കൂടി പരിശോധിക്കുമ്പോൾ ആ കണക്കു കൂട്ടലുകളും തെറ്റും. കർണ്ണാടകയിൽ ഭരണം ലഭിച്ച സ്ഥിതിക്ക് 28 ൽ 16 സീറ്റുകളിൽ വരെ വിജയിക്കാമെന്നതാണ് കോൺഗ്രസ്സിന്റെ ആത്മവിശ്വാസം. ഒറ്റ സീറ്റിൽ കഴിഞ്ഞ തവണ ഒതുങ്ങിയ കോൺഗ്രസ്സിന്റെ കൈവിട്ട ആത്മവിശ്വാസമാണിത്.
ഭരണം നഷ്ടമായെങ്കിലും ഒരു ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് കർണ്ണാടകയിൽ നഷ്ടമായിരിക്കുന്നത്. ജെ.ഡി.എസ് കൂടി എൻ.ഡി.എയിൽ എത്തിയാൽ അതും രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ഗുണം ചെയ്യുക. ബീഹാറിലെ 40 സീറ്റുകളിൽ കോൺഗ്രസിനു ഒരു സീറ്റു മാത്രമാണ് ഉള്ളത്. അത് ഇത്തവണ മഹാസഖ്യത്തിന്റെ ഭാഗമായി വർദ്ധിക്കുമെങ്കിലും 5 സീറ്റിൽ കൂടുതൽ ലഭിക്കാൻ സാധ്യതയില്ല. ഇത്തവണ ഇടതു പാർട്ടികൾക്കും മഹാസഖ്യത്തിന് സീറ്റുകൾ വിട്ടു നൽകേണ്ടി വരും. ജെ.ഡി.യു, ആർ.ജെ.ഡി പാർട്ടികൾ സീറ്റ് വീതം വയ്പ്പ് നടത്തിയ ശേഷം മാത്രമേ കോൺഗ്രസ്സ് ഉൾപ്പെടെയുളള പാർട്ടികൾക്ക് സീറ്റുകൾ വിട്ടു നൽകുകയൊള്ളു.
ബീഹാറിനു പുറമെ മഹാരാഷ്ട്രയിലാണ് പ്രതിപക്ഷ മഹാസഖ്യം എൻ.ഡി.എക്ക് വലിയ ഭീഷണി ഉയർത്തുക. ഇവിടെ 48 ൽ 41ലും ജയിച്ച എൻഡിഎക്ക് പ്രതിപക്ഷ മഹാസഖ്യത്തിൽ നിന്നും വലിയ വെല്ലുവിളി നേരിടേണ്ടി വരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച സി.പി.എമ്മിനും ഇത്തവണ പ്രതിപക്ഷ സഖ്യത്തിന് സീറ്റുകൾ വിട്ടു നൽകേണ്ടി വരും.
പശ്ചിമ ബംഗാളിൽ എന്തിന്റെ അടിസ്ഥാനത്തിലായാലും മമതയുമായി ഒരു സഖ്യത്തിനും സി.പി.എം തയ്യാറാകില്ലന്ന് പാർട്ടി നേതൃത്വം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മോഡലിൽ കോൺഗ്രസ്സുമായി ധാരണയിൽ മത്സരിക്കാനാണ് ബംഗാളിൽ ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. 2019 ൽ ബിജെപി നേടിയ18 സീറ്റുകളിൽ പലതും ഇത്തവണ അവർക്ക് നഷ്ടപ്പെട്ടാലും അത്ഭുതപ്പെടാനില്ല. ഇനി അഥവാ തൃണമൂൽ കോൺഗ്രസ്സ് കൂടുതൽ സീറ്റുകൾ നേടിയാൽ പോലും ബി.ജെ.പി കൂറുമാറ്റവുമായി രംഗത്തു വരുമെന്ന കാര്യവും ഉറപ്പാണ്.
ബിജെപി 2024 നെ നേരിടാൻ ഒരുങ്ങുന്നത് തന്നെ നൂറോളം സീറ്റുകളിൽ ആദ്യം തന്നെ പരാജയം ഉറപ്പിച്ചുകൊണ്ടാണ്. ബാക്കിയുള്ള 443 സീറ്റുകളിൽ നിന്നും വേണം അവർക്ക് 272 എന്ന മാന്ത്രിക സംഖ്യ തൊടാൻ. അതിനു വേണ്ടി ഏതറ്റംവരെ പോകാനും ബി.ജെ.പി തയ്യാറാകും. വോട്ട് ധ്രുവീകരണത്തിനു വേണ്ടി ബി.ജെ.പി സ്വീകരിക്കുന്ന തന്ത്രങ്ങൾ ആയിരിക്കും തിരഞ്ഞെടുപ്പിന്റ അജണ്ടകൾ തീരുമാനിക്കാൻ പോകുന്നത്. ഏക സിവിൽ കോഡും, രാമജന്മഭൂമി ക്ഷേത്ര ഉദ്ഘാടനവും, വികസനവുമെല്ലാം അവരുടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറും. ഇതിനെല്ലാം പുറമെ മോദിയെന്ന മുഖം ഉയർത്തിക്കാട്ടിയാകും ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുക. പ്രതിപക്ഷത്തിന് ഒറ്റക്കെട്ടായി ഉയർത്തിക്കാട്ടാൻ ഇല്ലാത്തതും അത്തരം ഒരു മുഖം തന്നെയാണ്. .. അതെന്തായാലും പറയാതെ വയ്യ . . .
EXPRESS KERALA VIEW