കൊച്ചി: കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് കഴിയുന്നില്ലെന്ന് കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്. ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമാക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്നും മറ്റ് പാർട്ടികളിൽ നിന്ന് ബിജെപിയിലെത്താൻ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാൻ ഊർജിത ശ്രമം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ സംഘടനാ പ്രവർത്തനം മോശമാണെന്നും കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ വിമർശനമുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങളെ തള്ളുന്നതാണ് കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്. കേരളത്തിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ അനുകൂല അന്തരീക്ഷമെങ്കിലും നേതൃത്വത്തിന് അതിന് സാധിക്കുന്നില്ല എന്നാണ് പ്രധാന വിമർശനം.
ക്രൈസ്തവ വോട്ട് ബാങ്കിലേയ്ക്ക് എത്തിച്ചേരാൻ പാർട്ടിക്ക് കഴിയുന്നില്ല. മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിലെത്താൻ ആഗ്രഹിക്കുന്നവരെ കൊണ്ടുവരാൻ ഊർജിത ശ്രമം വേണം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ലോക്സഭ മണ്ഡലങ്ങളുടെ റിപ്പോർട്ടിലാണ് ഇകാര്യങ്ങൾ ഉളളത്. പ്രതികൂല സാഹചര്യങ്ങളിലും തമിഴ്നാട്ടിലും തെലങ്കാനയിലും മാതൃകപരമായ രീതിയിൽ സംഘടന പ്രവർത്തനം നടക്കുന്നു. കേരളം ഇത് മാതൃകയാക്കണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട 144 മണ്ഡലങ്ങളിൽ സന്ദർശനം നടത്താൻ കേന്ദ്രമന്ത്രിമാർക്ക് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ കേരളം സന്ദർശിച്ച മന്ത്രിമാരാണ് റിപ്പോർട്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് നൽകിയത്. റിപ്പോർട്ട് ദേശീയ നേത്യത്വം വിലയിരുത്തിയ ശേഷം തിരുത്തൽ നടപടികൾ ഉണ്ടാകും എന്നാണ് വിവരം.