ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റമില്ല, ഇത് ബി.ജെ.പിയുടെ നീതിയോ ? ; പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുന്നത് പൊലീസ് മനപൂര്‍വം വൈകിപ്പിക്കുകയായിരുന്നെന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാത്രമാണ് നടപടിക്ക് തയാറായതെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ല. ഇത് ബി.ജെ.പിയുടെ നീതിയാണോയെന്നും പ്രിയങ്ക ചോദിച്ചു.

ഷാജഹാന്‍പൂരിലെ പെണ്‍കുട്ടിയുടെ കേസ് ഉന്നാവോ കേസിന് സമാനമാണ്. ഉന്നാവോ ഇരയായ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടു. അമ്മാവനെ അറസ്റ്റ് ചെയ്തു. വലിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ബി.ജെ.പി എം.എല്‍.എയായിരുന്ന പ്രതി കുല്‍ദീവ് സിങ് സെങ്കാറിനെ 13 മാസത്തിന് ശേഷം അറസ്റ്റ് ചെയ്യാന്‍ തയാറായത്. ഇരയെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ശ്രമം നടന്നു.

ഷാജഹാന്‍പൂര്‍ കേസിലും അത് തന്നെയാണ് സംഭവിക്കുന്നത്. ഇരയായ പെണ്‍കുട്ടി അറസ്റ്റിലാണ്. കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും പ്രിയങ്ക പറഞ്ഞു.

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതി നല്‍കിയ നിയമ വിദ്യാര്‍ഥിനി കൂടിയായ യുവതിയെ ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Top